കാഴ്ചഭംഗിയേക്കാള്‍ വാര്‍ത്താമൂല്യമാണ് പ്രധാനം: മമ്മൂട്ടി
തൃശൂര്‍: കാഴ്ചയുടെ ഭംഗിയേക്കാള്‍ അതില്‍ വാര്‍ത്താമൂല്യം കൂടി ചേരുമ്പോഴാണു വാര്‍ത്താ ചിത്രങ്ങളും വാര്‍ത്താ വിഡിയോകളും അമൂല്യമാകുന്നതെന്നു നടന്‍ മമ്മൂട്ടി. തൃശൂര്‍ പ്രസ് ക്ലബ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഫോര്‍ജി: ദി ഫോര്‍ത്ത് ജെന്‍ഡര്‍ എന്ന വാര്‍ത്താചിത്രവിഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ഫോട്ടോഗ്രഫിയുടെ തിയറി ഫോക്കസ് ആന്‍ഡ് ഷൂട്ട് എന്നാണ്. വാര്‍ത്താചിത്രങ്ങളുടേത് ഷൂട്ട് ദെന്‍ ഫോക്കസ് എന്നും.
കാണുന്ന ഒറ്റ സെക്കന്റ് കൊണ്ട് ദൃശ്യം ഒപ്പിയെടുക്കാനും അതില്‍ വാര്‍ത്ത കാണാനും കഴിയുന്ന മികവാണ് ന്യൂസ് കാമറാമാന്‍മാരുടേത്. ഇപ്പോള്‍ എടുത്ത ചിത്രത്തില്‍ നിന്നു വീണ്ടും ഫോക്കസ് ചെയ്തു പുതിയ ചിത്രമെടുക്കാവുന്ന കാമറ ഇറങ്ങിയിട്ടുണ്ട്.
മൊബൈല്‍ കാമറകളിലൂടെ എല്ലാവരും ഫൊട്ടോഗ്രഫര്‍മാര്‍ എന്ന സ്ഥിതി വന്നെന്നും ഔചിത്യമില്ലാതെ കാമറയെടുക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ അരോചകമായി മാറുന്നുണ്ടെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു.
തൃശൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി അനില്‍കുമാര്‍, എക്‌സിബിഷന്‍ കണ്‍വീനര്‍മാരായ പി.പി സലിം, ജീമോന്‍ കെ. പോള്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയിംസ് വളപ്പില എന്നിവര്‍ പ്രസംഗിച്ചു. തൃശൂരിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫൊട്ടൊഗ്രഫര്‍മാരുടെയുടെ അറുപതോളം ചിത്രങ്ങളും ചാനല്‍ ക്യാമറാമാന്‍മാരുടെ ഇരുപതോളം വാര്‍ത്താ വിഡിയോകളുമാണ് പ്രദര്‍ശനത്തില്‍.
സമീപകാലത്ത് കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് (ഫോര്‍ത്ത് എസ്റ്റേറ്റ്) എന്നതിനു പകരം നാലാം ലിംഗക്കാര്‍ (ഫോര്‍ത്ത് ജന്‍ഡര്‍) എന്നു കളിയാക്കി ചിലര്‍ ബാനറുകള്‍ പതിച്ചിരുന്നു. ഈ പേര് തുറന്നമനസോടെ സ്വീകരിച്ചാണ് പ്രദര്‍ശനത്തിന് ഫോര്‍ത്ത് ജെന്‍ഡര്‍ എന്നു പേരു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."