'ഹിന്ദു തീവ്രവാദം ബ്രിട്ടണിലെ മതവിഭാഗങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കുന്നു'; യുകെ പൊലിസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഹിന്ദുത്വവാദം ആശങ്കയെന്നും പരാമര്‍ശം
ലണ്ടന്‍: ഹിന്ദു തീവ്രവാദം അഥവാ ഹിന്ദുത്വം ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങള്‍ക്കിടയിലുള്ള സമൂഹ ബന്ധങ്ങള്‍ വഷളാക്കുമെന്ന് ബ്രിട്ടിഷ് പൊലിസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുസ്ലിംകളോടുള്ള പൊതുവായ വിദ്വേഷം കാരണം ബ്രിട്ടണിലെ തീവ്ര ഹിന്ദുത്വവാദികള്‍ രാജ്യത്തെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി സഖ്യം സ്ഥാപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇന്ത്യയുടെ കര്‍ക്കശക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയുമായി ബന്ധമുള്ള തീവ്രസ്വഭാവമുള്ളവര്‍, ഹിന്ദുക്കളോട് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നും പറഞ്ഞ് ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും, നാഷണല്‍ പൊലിസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍.പി.സി.സി) സമാഹരിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടണിലെ തീവ്രവാദ ആശയത്തിനെതിരായ ആഭ്യന്തരവകുപ്പിന്റെ കാംപയിന്‍ പൂര്‍ത്തിയാക്കി രണ്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2022 ല്‍ ലെസ്റ്ററില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഹിന്ദുത്വവാദികള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതാദ്യമായാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ തയാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ടില്‍ ഹിന്ദുത്വവാദത്തെ ആശങ്കയായി പരാമര്‍ശിക്കുന്നത്.
'ഹൈന്ദവമതത്തില്‍നിന്ന് വ്യത്യസ്തമായി അക്രമാസക്തരാഷ്ട്രീയ പ്രസ്ഥാനമാണ് ഹിന്ദുത്വം. അത് ഇന്ത്യന്‍ ഹിന്ദുക്കളുടെ രാഷ്ട്രീയ ആധിപത്യത്തിനും ഇന്ത്യയില്‍ സമ്പൂര്‍ണ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന മുന്നേറ്റമാണ്. ബ്രിട്ടണിലെ ഹിന്ദു - മുസ്ലിം സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും പ്രകടമാണ്. ഇത് പുറത്തേക്ക് എങ്ങിനെ വ്യാപിക്കുമെന്നതിന് തെളിവാണ് ലെസ്റ്ററിലെ സംഭവങ്ങള്‍. ബ്രിട്ടണില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനായി തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ടോമി റോബിന്‍സണ്‍ എന്ന സ്റ്റീഫന്‍ യാക്സ്ലിലെനന്‍ ചില ഹിന്ദു ഗ്രൂപ്പുകളുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ടോമി റോബിന്‍സന്റെ സാന്നിധ്യത്തെ ചില ഇന്ത്യന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് ഹിന്ദുക്കളില്‍ ഒരുവിഭാഗവും സ്വാഗതം ചെയ്തതായും മനസ്സിലാക്കുന്നു'- റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിംവിദ്വേഷം ഉള്ളടക്കം ഉള്‍പ്പെടെയുള്ള പൊതുവായ ചിലകാര്യങ്ങളില്‍ ബ്രിട്ടണിലെ ഹിന്ദുത്വ അനുകൂലികളും ബ്രിട്ടീഷ് തീവ്ര വലതുപക്ഷ സംഘടനകളും തമ്മില്‍ ഒരു ഐക്യം നിലനില്‍ക്കുന്നുണ്ട്. ചില യൂറോപ്യന്‍ വലതുപക്ഷ തീവ്രവാദികള്‍ക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ചില വശങ്ങള്‍ ആകര്‍ഷകമായി കണ്ടെത്തിയിട്ടുണ്ടെന്ന് പഠനം കൂട്ടിച്ചേര്‍ത്തു. 2011 ജൂലൈയില്‍ നോര്‍വേയില്‍ 77 പേരെ കൊലപ്പെടുത്തിയ തീവ്രവലതുപക്ഷ വംശീയവാദിയായ ആന്‍ഡേഴ്‌സ് ബ്രീവികിനെ പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ടിലെ ഈ നിരീക്ഷണം. ഹിന്ദുത്വവാദത്തെ ബ്രീവിക് പ്രശംസിച്ചിരുന്നു. അതേസമയം, ബ്രിട്ടനിലെ ഹിന്ദുത്വവാദികളും വെള്ള വംശീയവാദികളും തമ്മിലുള്ള സഖ്യത്തെ രാജ്യത്തെ മിതവാദ ഹിന്ദുക്കളുടെ കൂട്ടായ്മ തള്ളിപ്പറഞ്ഞതായും എന്‍പിസിസി റിപ്പോര്‍ട്ട് എടുത്തുപറയുന്നു. മോദിയുടെ ബിജെപിയുമായി അടുപ്പം കാണിക്കുന്ന തീവ്ര ഹിന്ദുത്വവാദികള്‍ ബ്രിട്ടന്റെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നുവെന്ന ആശങ്കയും റിപ്പോര്‍ട്ടിലുണ്ട്.
2019 ലെ പൊതുതെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണരീതികളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബ്രിട്ടനിലെ പത്ത് ലക്ഷം ഹിന്ദുക്കളില്‍പ്പെട്ട വോട്ടര്‍മാരെ ലക്ഷ്യംവച്ച് വാട്ട്‌സ്ആപ്പ് പ്രചാരണം നടന്നിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും ടോറികള്‍ക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെടുകയുണ്ടായി. ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയെ ഹിന്ദു വിരുദ്ധരായി പ്രചരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണക്കാര്‍ ലെസ്റ്ററിലും യുകെയിലെ മറ്റ് നഗരങ്ങളിലും ഹിന്ദുക്കളോട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ശാഖയായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ യുകെ ബ്രാഞ്ച് 48 മാര്‍ജിനല്‍ സീറ്റുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയതായും എന്‍പിസിസി പറയുന്നുണ്ട്.
British Hindu extremists are forming alliances with Far-Right groups says police intelligence report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."