'തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല' ആവര്‍ത്തിച്ച് മമത
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ നിയമം കൊണ്ടു വരില്ലെന്ന് അവര്‍ ഉറപ്പു നല്‍കി. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദയവായി ശാന്തരായിരിക്കുക, സംയമനം പാലിക്കുക. എല്ലാ മതവിഭാഗങ്ങളിലുമുള്ളവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്, രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണ്.
ഓര്‍ക്കുക, പലരും പ്രകോപിതരാകുന്ന ഈ നിയമം നമ്മള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് നിയമം നിര്‍മ്മിച്ചത്. അതിനാല്‍, നാം ഉത്തരം തേടേണ്ടത് കേന്ദ്രത്തോടാണ്.
ഈ വിഷയത്തില്‍ ഞങ്ങള്‍ വ്യക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് - ഞങ്ങള്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. പിന്നെ എന്തിനാണ് നാം സംഘര്‍ഷം സൃഷ്ടിക്കുന്നത് - എക്‌സില്‍ കുറിച്ച പോസ്റ്റില്‍ അവര്‍ ചോദിച്ചു.
കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒരു അക്രമ പ്രവര്‍ത്തനത്തെയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കി.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയില്‍ വീഴരുതെന്നും മമത മുന്നറിയിപ്പ് നല്‍കി.
മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണം - ഇതാണ് എന്റെ അഭ്യര്‍ത്ഥന- മമത എക്‌സില്‍ കുറിച്ചു.
നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുള്ള പരാതികള്‍ അംഗീകരിച്ച മമത ബംഗാളിലെ ആളുകളോട് തന്നില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."