സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ
ഇരിക്കൂർ: പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂളിന് കീഴിൽ 13 വർഷമായി പ്രവർത്തിച്ചിരുന്ന കെ.പി.സി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മുന്നറിയിപ്പില്ലാതെ അടച്ചു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ കേരള സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ രക്ഷിതാക്കളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്.
2024-25 അധ്യയന വർഷത്തെ വാർഷിക പരീക്ഷകൾ പൂർത്തിയായ ശേഷം വേനൽ അവധിക്കായി സ്‌കൂൾ അടച്ചപ്പോൾ, ഈ മാസം ആദ്യം നടന്ന പി.ടി.എ യോഗത്തിലാണ് മാനേജ്മെന്റ് സ്‌കൂൾ ഇനി തുറക്കില്ലെന്ന് അറിയിച്ചത്. യോഗത്തിൽ വിശദീകരണം നൽകാതെ മാനേജ്മെന്റ് ഭാരവാഹികൾ പെട്ടെന്ന് സ്ഥലം വിട്ടതായി രക്ഷിതാക്കൾ ആരോപിച്ചു. 11 അധ്യാപികമാർക്കും ഹെഡ്മാസ്റ്റർക്കും ജോലി നഷ്ടമായി. കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ, പട്ടാന്നൂർ, കൊളപ്പ, കൊടോളിപ്രം, മുട്ടന്നൂർ, കൊളോളം, ആയിപ്പുഴ, കരടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്ന് വൻതുക ഡെപ്പോസിറ്റായി ഈടാക്കിയിരുന്നെങ്കിലും, അത് തിരികെ നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ സാമ്പത്തിക നഷ്ടം നേരിട്ടതാണ് സ്‌കൂൾ അടയ്ക്കാൻ കാരണമെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗം എ.സി. മനോജ് വ്യക്തമാക്കി. എന്നാൽ, മുൻകൂർ അറിയിപ്പില്ലാതെയുള്ള ഈ തീരുമാനത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ മട്ടന്നൂർ പൊലീസ്, തലശേരി ഡി.ഇ.ഒ, കണ്ണൂർ ഡി.ഡി.ഇ, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകി. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."