കോഴിക്കോട് മോഡേൺ ബസാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം
കോഴിക്കോട്: കോഴിക്കോട് മോഡേൺ ബസാറിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. രാമനാട്ടുകര, ഫറോക്ക് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പന്തീരങ്കാവ് പടിഞ്ഞാത്ത് മീത്തല്‍ ദിജിന്‍ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മൊബൈൽ ടവർ ജോലികൾ പൂർത്തിയാക്കി മടങ്ങുംവഴിയായിരുന്നു അപകടം.
അപകടം നടന്നയുടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന ഒരാളെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കാർ പൂർണ്ണമായും തകർന്നതിനാൽ മറ്റുള്ളവർ ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.
തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എം. ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സും നല്ലളം പൊലിസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്ന നാലുപേരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."