കളിക്കൂട്ടുകാരനെ കടല്‍ കവര്‍ന്നു; ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍
വിഴിഞ്ഞം: കളിക്കൂട്ടുകാരനെ കടല്‍ കൊണ്ടുപോകുന്നത് കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തിലാണ് ഇവര്‍.
ശക്തമായ തിരയില്‍പ്പെട്ട് കൈകാലിട്ടടിച്ച കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ അബുള്ളയും, ജലീലും ഷംനാദും കടലിലേക്കു ചാടിയെങ്കിലും ശക്തമായ കടല്‍ക്ഷോഭത്തില്‍ ശ്രമം വിജയിച്ചില്ല. സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിലെ നിരാശയും വേദനയും കടിച്ചമര്‍ത്തുകയാണ് ഇവര്‍.
ഇന്നലെ രാവിലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിന് താഴെയുള്ള വലിയമണല്‍ ബീച്ചില്‍ കളികഴിഞ്ഞ് കൈയും മുഖവും കഴുകാന്‍ തീരത്തോട് ചേര്‍ന്ന് തിരയിലേക്ക് ഇറങ്ങവെയാണ് അജ്മല്‍ഖാന്‍ (19) കടലിലകപെട്ടത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഫുട്‌ബോള്‍ കളി ഇവരുടെ പതിവായിരുന്നു. രാവിലെ ആറുമണിക്ക് തുടങ്ങിയ കളി അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. തിരയും കോളും അവഗണിച്ച് സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൂവര്‍ സംഘം കടലിലേക്ക് ചാടിയെങ്കിലും അപ്പോഴേക്കും ശക്തമായ ഒഴുക്കില്‍ അജ്മല്‍ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. രൗദ്രഭാവം പൂണ്ട കടലില്‍ നിന്നും ശ്രമകരമായാണ് മൂവരും കരയില്‍ തിരികെയെത്തിയത്. അപകടം കണ്ട് നിന്നവരുടെ അലമുറ കേട്ട് പാഞ്ഞെത്തിയ സമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ്ഗാര്‍ഡ് മുഹമ്മദ്കണ്ണുംആഞ്ഞടിച്ച തിരമാലയെയും ശക്തമായ ഒഴുക്കിനെയും അവഗണിച്ച് കടലില്‍ ചാടി ഏറെ നേരം തിരഞ്ഞെങ്കിലും അജ്മലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സ്ഥിരമായി കളിക്കാനെത്തുന്ന ഇവരെ നന്നായറിയാവുന്ന മുഹമ്മദ് കണ്ണിനും അജ്മലിനെ കടല്‍ തട്ടിയെടുത്തെന്ന് വിശ്വസിക്കാനാകുന്നില്ല. ടെണ്‍സ്റ്റാര്‍ എന്ന സ്‌പോര്‍ട്‌സ് ക്‌ളബ്ബിലെ അംഗങ്ങളായ 14 അംഗ സംഘമാണ് ഫുട്‌ബോള്‍ കളിക്കായി തീരത്തെത്തിയത്.
കൂട്ടുകാരന് വേണ്ടി നടത്തുന്ന തെരച്ചിലും നോക്കി കരയില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഇവര്‍. പ്രദേശത്ത് ഒരു കളിസ്ഥലമില്ലാത്തതിനാലാണ് കടല്‍ തീരത്ത് പ്രാക്ടീസ് ചെയ്യേണ്ടിവരുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. ഇവിടെ ഒരു കളിസ്ഥലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനോട് പുറം തിരിഞ്ഞ് നിന്നവരും കോവളത്തോട് ചേര്‍ന്ന് കിടക്കുന്ന ഇവിടത്തെ ബീച്ചില്‍ ലൈഫ്ഗാര്‍ഡുകളെ നിയമിക്കാന്‍ തയാറാകാത്തവരും പരോക്ഷമായെങ്കിലും ഈ ദുരന്തത്തിന് ഉത്തരവാദികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."