വേദാന്തവീഥിയിലെ രാജപ്രഭ
ഇന്ത്യാ റിപബ്ലിക്കിന്റെ ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആയതുകൊണ്ടുമാത്രമല്ല ഡോ. എസ്. രാധാകൃഷ്ണന്‍ ലോകപ്രശസ്തനായത്. സ്വാമി വിവേകാനന്ദനുശേഷം ദാര്‍ശനികരംഗത്ത് ഇന്ത്യയുടെ ശബ്ദം ലോകം ശ്രദ്ധിച്ചത് രാധാകൃഷ്ണനിലൂടെയാണ്. ഭാരതസംസ്‌കാരത്തെയും ദാര്‍ശനികതയെയും അദ്ദേഹം ലോകത്തിനു മുമ്പില്‍ വ്യാഖ്യാനിച്ചു.
ബ്രിട്ടന്റെ ആദരം
ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്റണി ഈഡന്‍ ഇങ്ങിനെ അനുസ്മരണക്കുറിപ്പെഴുതി-
'ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ മധുരതരമായ പദപ്രയോഗങ്ങളോടുകൂടിയ ആശ്ചര്യജനകമായ ആമുഖ പ്രസംഗത്തിനു ശേഷം ഒരു പ്രസംഗം ചെയ്യാന്‍ എനിക്കു മടി തോന്നി. ഉഴുതുമറിച്ച ഒരു വയലില്‍ അതിവേഗത്തില്‍ ചാടിയോടുന്ന മുയലിനു പിറകേ തപ്പിത്തടഞ്ഞു നടക്കുന്ന ഒരു ചെറിയ കുട്ടിയെപ്പോലെയായിരുന്നു ഞാന്‍'
രാധാകൃഷ്ണന്‍ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ രാജ്യസഭ അദ്ദേഹത്തിന്റെ കളിപ്പാവയായിരുന്നുവെന്നു പറയാം. കര്‍ശനവാക്കുകളോ താക്കീതോ പ്രയോഗിക്കാതെ നേരമ്പോക്കിലൂടെ അദ്ദേഹം സഭാംഗങ്ങളെ അച്ചടക്കത്തിലിരുത്തുന്നത് വേറിട്ട കാഴ്ചയായിരുന്നു.
തിരുത്തണിയിലെ
പ്രതിഭ
ഈഡനെപ്പോലെ നിരവധി പ്രമുഖരുടെ അഭിനന്ദനത്തിന് അര്‍ഹനായിരുന്നു രാധാകൃഷ്ണന്‍. തത്ത്വചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സമര്‍ഥനായ നയതന്ത്ര പ്രതിനിധി, അനുഗൃഹീതനായ പ്രാസംഗികന്‍, മര്‍മം തൊട്ടെഴുതുന്ന ഗ്രന്ഥകര്‍ത്താവ്, നിപുണനായ ഭരണതന്ത്രജ്ഞന്‍, ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശവാഹകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന എസ്. രാധാകൃഷ്ണന്റെ ജനനം തമിഴ്‌നാട്ടിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുത്തണി ഗ്രാമത്തിലായിരുന്നു. 1888 സെപ്തംബര്‍ അഞ്ചിനായിരുന്നു ജനനം. ബ്രാഹ്മണരായ മാതാപിതാക്കളുടെ രണ്ടാമത്തെ പുത്രനായി സര്‍വേപ്പള്ളി കുടുംബത്തില്‍ ജനിച്ച ബാലന് പുസ്തക വായനയിലായിരുന്നു കമ്പം. പാഠശാലയില്‍ ഭക്ഷണ സമയത്തുപോലും ഏകാഗ്രചിത്തനായി വായനയില്‍ മുഴുകിയിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് അധ്യാപകര്‍ പോലും അത്ഭുതപ്പെടാറുണ്ട്. തിരുത്തണിയിലെ ലുഥറന്‍ മിഷന്‍ ഹൈസ്‌കൂളിലായി പഠനം.
വേദാന്തവഴി
മെട്രിക്കുലേഷന്‍ വിജയിച്ച ശേഷം രാധാകൃഷ്ണന്‍ വെല്ലൂരിലെ വുര്‍ഹിസ് കോളജില്‍ ചേര്‍ന്നു. അവിടെനിന്ന് എഫ്.എ. പരീക്ഷ ഒന്നാമനായി വിജയിച്ചു. പിന്നെ ചെന്നൈ ക്രിസ്ത്യന്‍ കോളജിലായി പഠനം. തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. 1908 ലായിരുന്നു ഇത്. വീട്ടിലെ സാമ്പത്തിക ഞെരുക്കം കാരണം ട്യൂഷനെടുത്തു കിട്ടിയ പണം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. എം.എ. പരീക്ഷയുടെ ഭാഗമായി സമര്‍പ്പിച്ച 'വേദാന്തത്തിന്റെ ധര്‍മ ശാസ്ത്രം' എന്ന പ്രബന്ധം വേദാന്തത്തെക്കുറിച്ച് നിലനിന്ന പല ധാരണകളും തെറ്റാണെന്നു സ്ഥാപിക്കുന്നതായിരുന്നു. കര്‍ണാടക കവി ഗോവിന്ദ പൈ, ജീവശാസ്ത്രകാരന്‍ ജോര്‍ജ് മത്തായി, സുപ്രിം കോടതി ജഡ്ജിയായിരുന്ന എന്‍. ചന്ദ്രശേഖര അയ്യര്‍, ആലുവ യു.സി. കോളജ് സ്ഥാപകന്‍ കെ.സി. ചാക്കോ എന്നിവര്‍ സഹപാഠികളായിരുന്നു.
തത്ത്വശാസ്ത്രം
രാധാകൃഷ്ണന്റെ വിവാഹം പഠന കാലത്തുതന്നെ നടന്നു. പ്രസിഡന്‍സി കോളജില്‍ അധ്യാപകനായാണ് ഉദ്യോഗപര്‍വത്തിന്റെ ആരംഭം. അതേസമയം തന്നെ സൈദാപ്പേട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ സായാഹ്ന അധ്യാപക പരിശീലനത്തിനു ചേര്‍ന്നു. ഒപ്പംഅവിടെ മനശ്ശാസ്ത്ര അധ്യാപകനായി പഠനച്ചെലവിനുള്ള തുക കണ്ടെത്തി. രാജമുന്ദ്രി കോളജില്‍ അധ്യാപകനായിരിക്കേ 1918 ല്‍ മൈസൂരില്‍ ആരംഭിച്ച സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പ്രൊഫസറായി നിയമനം ലഭിച്ചു. അതിനോടകം തന്നെ ഇന്ത്യയിലും വിദേശത്തുമുള്ള കനപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ തത്ത്വശാസ്ത്രപരമായ ലേഖനങ്ങളെഴുതി ശ്രദ്ധേയനായിരുന്നു. ലണ്ടനിലെ ഒരു പ്രസിദ്ധീകരണശാല 'സമകാലിക തത്ത്വശാസ്ത്രത്തില്‍ മതത്തിന്റെ വാഴ്ച' എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതിനു പുറകേ ഗഹനങ്ങളായ നിരവധി പുസ്തകങ്ങളെഴുതി. ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളായിരുന്നു ഇവയില്‍ പലതും. യു.എസ്.എ യില്‍ നടന്ന തത്ത്വചിന്തകന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണം ലോകശ്രദ്ധ പിടിച്ചുപറ്റി.
കൊല്‍ക്കൊത്ത സര്‍വകലാശാലയില്‍ കിങ് ജോര്‍ജ് പഞ്ചമസ്മാരക പ്രൊഫസര്‍ പദവിയിലിരിക്കെയാണ് ഭാരതീയ തത്ത്വശാസ്ത്രത്തെപ്പറ്റിയുള്ള ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. രണ്ടു ഭാഗങ്ങളാണിതിന്. ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലെ സര്‍വകലാശാല അധ്യാപകരുടെ സമ്മേളനത്തിലും യു.എസ്.എ യിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടന്ന സാര്‍വദേശീയ തത്ത്വശാസ്ത്ര സമ്മേളനത്തിലും അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു. മതങ്ങളുടെ താരതമ്യ പഠനം എന്ന വിഷയത്തില്‍ മാഞ്ചസ്റ്റര്‍ കോളജില്‍ നടത്തിയ പ്രസംഗമാണ് പിന്നെ പ്രശസ്തമായ 'പാശ്ചാത്യ- പൗരസ്ത്യ മതങ്ങള്‍' എന്ന ഗ്രന്ഥം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടത് ഇക്കാലത്താണ്. ഇതേ കാലയളവില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി 'സര്‍' സ്ഥാനം നല്‍കി ബഹുമാനിച്ചു. ഇത് അംഗീകാരങ്ങളുടെ ഘോഷയാത്രയ്ക്കുള്ള തുടക്കമായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാല ആയുഷ്‌കാല പ്രൊഫസറായി അംഗീകരിച്ചതിനു പിറകെ ആന്ധ്ര സര്‍വകലാശാല ഡലിറ്റ് നല്‍കി ആദരിച്ചു. തുടര്‍ന്ന് ലോകത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നു നൂറുകണക്കിനു ബിരുദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഇന്ത്യയുടെ ഫെലോ
ആന്ധ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത് 1931 ലാണ്. 36ല്‍ വീണ്ടും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി. ബ്രിട്ടീഷ് അക്കാദമി ആദ്യമായി ഒരിന്ത്യക്കാരനു നല്‍കിയ 'ഫെലോ'സ്ഥാനം രാധാകൃഷ്ണനാണ്. 1939 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. രാധാകൃഷ്ണന്‍ ദീര്‍ഘകാലം ഒരു പദവിയിലിരുന്നത് ഇവിടെയാണ്. ഒമ്പതു വര്‍ഷം!. ആയിടെ ചൈനാ സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഭാഷണം 'ഇന്ത്യയും ചൈനയും' എന്ന പുസ്തകത്തിന് ആധാരമായി.
രാജ്യസഭയുടെ പിതാവ്
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനുവേണ്ടി 1948 ല്‍ രൂപവത്കരിച്ച പത്തംഗ യൂണിവേഴ്‌സിറ്റി കമ്മിഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ സമൂല പരിഷ്‌കരണത്തിനു നിമിത്തമായി. 1948 ല്‍ വളരെ ഹ്രസ്വമായ കാലയളവില്‍ യുസെസ്‌കോ ചെയര്‍മാനായി. 1949 ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിക്കപ്പെട്ടു. റഷ്യന്‍ ഭരണാധികാരിയായ സ്റ്റാലിനുമായി ഉറ്റബന്ധം പുലര്‍ത്തി.
ആദ്യ പൊതു തെരഞ്ഞെടുപ്പ് 1952 ല്‍ നടന്നപ്പോള്‍ പ്രസിഡന്റായി രാജേന്ദ്ര പ്രസാദിനേയും വൈസ് പ്രസിഡന്റായി എസ്. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. ഇക്കാലത്ത് അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ് പോലുള്ള പദവികളും വഹിച്ചു. രണ്ടു തവണയായി 10 വര്‍ഷം അദ്ദേഹം ഉപരാഷ്ട്രപതിയായിരുന്നു. രാജ്യസഭയുടെ ചെയര്‍മാന്‍ കൂടിയായ രാധാകൃഷ്ണനെ പ്രധാനമന്ത്രി നെഹ്‌റു 'രാജ്യസഭയുടെ പിതാവ്' എന്നു വിശേഷിപ്പിച്ചു.
ഇന്ത്യയുടെ രാഷ്ട്രപതി
ഇന്ത്യയുടെ രാഷ്ട്രപതിയായി ഡോ.എസ്. രാധാകൃഷ്ണന്‍ അവരോധിതനാകുന്നത് 1962 മെയ് 13നാണ്. 1967 മെയ് അഞ്ചിനു കാലാവധി അവസാനിച്ചു. വിവിധ കോണുകളില്‍നിന്നു കനത്ത സമ്മര്‍ദമുണ്ടായിട്ടും ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നില്ല. പ്രസിഡന്റിന്റെ ശമ്പളമായ 10,000 രൂപയില്‍നിന്നു 3000 രൂപ മാത്രം കൈപ്പറ്റി ബാക്കി തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനത്യാഗത്തിനുശേഷം എഴുത്തും വായനയുമായി ഒതുങ്ങിക്കഴിഞ്ഞു.
ജര്‍മന്‍ സമാധാന സമ്മാനത്തിനുപുറകെ 1954 ല്‍ ഭാരത രത്‌നം ബഹുമതിയും രാധാകൃഷ്ണനെ തേടിയെത്തി. 1975 ഏപ്രില്‍ 17ന് അദ്ദേഹം അന്തരിച്ചു. ജന്മദിനം ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."