ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനം നിരോധിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ പാകിസ്താനിലെ തുറമുഖങ്ങൾ സന്ദർശിക്കുന്നതിനും വിലക്കേർപ്പെടുത്തി. 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ സെക്ഷൻ 411 പ്രകാരം ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങൾ ഇന്ത്യൻ ആസ്തികൾ, ചരക്കുകൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ചു.
"ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ വ്യാപാര മറൈനിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായ പരിപാലനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി," മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ പാകിസ്താന് കനത്ത സാമ്പത്തിക തിരിച്ചടിയാണ് നേരിടുന്നത്.
ഇന്ത്യയുടെ സമുദ്ര താൽപ്പര്യങ്ങൾ സുഗമമായി നടപ്പാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഈ ഉത്തരവ് ഇനിയൊരു അറിയിപ്പ് വരും വരെ പ്രാബല്യത്തിൽ തുടരും. "പാകിസ്താൻ പതാക വഹിക്കുന്ന ഒരു കപ്പലിനും ഇന്ത്യൻ തുറമുഖങ്ങൾ സന്ദർശിക്കാനോ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് പാകിസ്താനിലെ തുറമുഖങ്ങൾ സന്ദർശിക്കാനോ അനുമതിയില്ല," ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിൽ നിന്നുള്ള ഏതെങ്കിലും ഇളവുകൾ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിന്റെ മെയ് 2 ലെ വിജ്ഞാപനപ്രകാരം, പാകിസ്താനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ പരോക്ഷമോ ആയ ഇറക്കുമതിക്ക് അടിയന്തര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 ലെ വിദേശ വ്യാപാര നയത്തിൽ (FTP) ഇതിനായി പ്രത്യേക വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ വ്യാപാരത്തിന്റെ ഏക പാതയായ വാഗ-അട്ടാരി ക്രോസിംഗും അടച്ചു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം തീരുവ ചുമത്തിയതോടെ, മരുന്നുകൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുൾപ്പെടെ പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."