സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് എന്‍.എസ്.ജി പരിശീലനം നല്‍കും
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപീകരിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്(എ.ടി.എസ്) പരിശീലനം നല്‍കാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും(എന്‍.എസ്.ജി) ദേശീയ കുറ്റാന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും സമ്മതം അറിയിച്ചു. ഇവര്‍ക്കുപുറമേ ഇന്റലിജന്‍സ് ബ്യൂറോ, മഹാരാഷ്ട്ര എ.ടി.എസ്, തമിഴ്‌നാട് പൊലിസിന്റെ ക്യൂ ബ്രാഞ്ച് എന്നിവയിലെ ഉദ്യോഗസ്ഥരും പരിശീലനം നല്‍കാനെത്തും.
തീവ്രവാദ ആക്രമണങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തനവും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചാണ് പരിശീലനം നല്‍കുന്നത്. രാജ്യത്തെ തന്നെ മികച്ച കുറ്റാന്വേഷണ ഏജന്‍സിയായി സംസ്ഥാന എ.ടി.എസിനെ മാറ്റിയെടുക്കാനാണു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്.
പൊലിസ് സൂപ്രണ്ട് പദവിയിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും എ.ടി.എസ് തലവന്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്.പിയുടെ കേഡര്‍ പോസ്റ്റിനു അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി 75അംഗ എ.ടി.എസ് സ്‌ക്വാഡാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയിലും കോഴിക്കോടും ഓഫിസുകളുണ്ടായിരിക്കും. വനിതാ അംഗങ്ങളെയും എ.ടി.എസിന്റെ ഭാഗമാക്കുന്നുണ്ട്. ഐ.എസ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള കേസുകള്‍ എ.ടി.എസ് ആകും അന്വേഷിക്കുക.
ഇപ്പോള്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഈ കേസ് എ.ടി.എസിനു കൈമാറാന്‍ കഴിഞ്ഞ ദിവസം ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയോടെ രാജ്യത്തിനുപുറത്തേക്ക് അന്വേഷണം നടത്തേണ്ട കേസുകളും എ.ടി.എസ് ആകും കൈകാര്യം ചെയ്യുന്നത്. ഇതിനുപുറമേ കള്ളനോട്ട്, ലഹരിമരുന്നു സംഘങ്ങള്‍ എന്നിവയെക്കുറിച്ചും എ.ടി.എസ് അന്വേഷിക്കും. ഒരുമാസത്തിനകം എ.ടി.എസ് പ്രവര്‍ത്തനസജ്ജമാക്കാനാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."