കൊയ്യം-ചെക്കിക്കടവ് പാലം എന്നു പൂര്‍ത്തിയാകും...? നിര്‍മാണം ഒച്ചിഴയും വേഗത്തില്‍
ശ്രീകണ്ഠപുരം: മലയോര ജനതയുടെ പതിറ്റാണ്ടു കാലത്തെ നിരന്തര ആവശ്യം പരിഗണിച്ച് അനുവദിച്ച കൊയ്യം ചെക്കിക്കടവ് പാലം നിര്‍മാണം ഒച്ചിഴയും വേഗത്തില്‍ മുന്നോട്ട്. 2012ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് തറക്കല്ലിട്ട പാലത്തിന്റ നിര്‍മാണം നാലു വര്‍ഷമായി മന്ദഗതിയിലാണു നീങ്ങുന്നത്. ഉദ്ഘാടന സമയത്തു മന്ത്രിയും കരാറുകാരനും ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ധൃതിയില്‍ പണിയാരംഭിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. വിരലിലെണ്ണാവുന്ന തൊഴിലാളികളാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എട്ടു തൂണുകളും ആറ് സ്ലാബും പൂര്‍ത്തിയായിട്ടുണ്ട്. ഒന്‍പതു തൂണുകളാണ് ഇവിടെ വേണ്ടത്. പാലത്തിന്റെ ഒരു തൂണ് കഴിഞ്ഞ വര്‍ഷം ചെരിഞ്ഞിരുന്നു. ഇതു പ്രവൃത്തിയെ വീണ്ടും മന്ദഗതിയിലാക്കി.
മയ്യില്‍ ഭാഗത്തെ അപ്രോച്ചു റോഡ് പണിയും ഇതുവരെ തുടങ്ങിയിട്ടില്ല. സ്ഥലം വിട്ടു നല്കുന്നതു സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. ഈ പാലം വന്നാല്‍ മലയോര മേഖലയിലെ ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഏരുവേശ്ശി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു കണ്ണൂരിലെത്താന്‍ എളുപ്പമാകും. ഇവിടുത്തുകാര്‍ കടത്തു തോണിയെ ആശ്രയിച്ചാണ് മയ്യിലിലേക്കും ഇതര സ്ഥലത്തേക്കും പോകുന്നത്.
കുത്തിയൊലിക്കുന്ന മഴവെള്ളപാച്ചിലിനെ പേടിച്ചുള്ള അപകടയാത്രയാണിത്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാംശരിയാക്കുമെന്നു പറഞ്ഞ പിണറായി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു പാലംപണി പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."