നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
മലപ്പുറം: കഴിഞ്ഞ ആറ് ടേം അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതു- വലതു മുന്നണികളുടെ വോട്ടു കണക്കുകളിൽ മാറിമറിഞ്ഞ ചരിത്രമാണ് നിലമ്പൂർ നിയോജക മണ്ഡലത്തിലേത്. നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടക്കാനിരിക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ മുൻ വോട്ടു കണക്കുകളും നിർണായകമാണ്.
1996ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദ് നേടിയത് 61,945വോട്ടുകളാണ്. 2001ൽ 76,937 വോട്ടുകൾ നേടി. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,992 വോട്ടുകളുടെ വർധന. 2006ലെ തെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് വോട്ടുകളിൽ വർധനയുണ്ടായി. അന്ന് 87,522 വോട്ടുകളാണ് നേടിയത്.
എന്നാൽ 2011ൽ ചിത്രം മാറി. 66,331 വോട്ടുകളാണ് യു.ഡി.എഫിനു ലഭിച്ചത്. യു.ഡി.എഫിന് വോട്ടിൽ മുൻ വർഷത്തെ അപേക്ഷിച്ച് 21,191 വോട്ടുകളുടെ കുറവ് ഉണ്ടായി. 2016ൽ മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 23 വോട്ടുകൾ മാത്രമാണ് യു.ഡി.എഫിനു കൂടുതൽ നേടാനായത്. 2021ലെ തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ എണ്ണത്തിൽ യു.ഡി.എഫ് വീണ്ടും നിലമെച്ചപ്പെടുത്തി. 78,527 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി പ്രകാശിന് ലഭിച്ചത്.
1987 മുതൽ 2011വരെ ആര്യാടൻ മുഹമ്മദാണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മാത്രം 65,132 വോട്ടുകളാണ് പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം. 61.46 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകളുടെ മേൽക്കോയ്മയിൽ വലിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭരണ വിരുദ്ധ വോട്ടുകൾ കൂടി ചേരുമ്പോൾ വൻ ഭൂരിപക്ഷം ആര്യാടൻ ഷൗക്കത്തിനു നേടാനാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.
ഇടതുപക്ഷത്തിന്റെ വോട്ടു ചരിത്രത്തിലും മാറ്റങ്ങൾ പ്രകടമാണ്. 1996ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 55,252 വേട്ടുകളാണ് നിലമ്പൂരിൽ നേടിയത്. 2001ലെ തെരഞ്ഞെടുപ്പിൽ 65 വോട്ടുകൾ കൂടി. അന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച പി. അൻവർ മാസ്റ്റർ 55,317 വോട്ടുകളാണ് നേടിയത്. 2006ൽ 14,135 വോട്ടുകൾ വർധിപ്പിച്ച് എൽ.ഡി.എഫ് വീണ്ടും നിലമെച്ചപ്പെടുത്തി. നേടിയത് 69,452 വോട്ടുകൾ. എന്നാൽ 2011ൽ എൽ.ഡി.എഫ് വോട്ടിൽ കുറവ് വന്നു. 60,733 വോട്ടുകളാണ് നേടാനായത്. 8,719 വോട്ടുകളുടെ കുറവാണ് മുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാൾ ഉണ്ടായത്. എന്നാൽ 2016ലും 2021ലും എൽ.ഡി.എഫ് വോട്ടുകൾ വർധിപ്പിച്ചു.
പി.വി അൻവറാണ് ഈ രണ്ടു ടേമിലും എൽ.ഡി.എഫിനെ പ്രതിനിധീകരിച്ചത്. 2011 ന്നിനെ അപേക്ഷിച്ച് 17,125 വോട്ടും 2016നെ അപേക്ഷിച്ച് 699 വോട്ടുകളും എൽ.ഡി.എഫ് ഉയർത്തി. സ്ഥാനാർഥി എം. സ്വരാജിനു മണ്ഡലവുമായുള്ള ഹൃദയബന്ധവും ഭരണ നേട്ടങ്ങളുമാണ് ഇത്തവണ എൽ.ഡി.എഫ് പ്രതീക്ഷ. അതേസമയം 75,000 വോട്ട് സ്വന്തമാക്കുമെന്ന അവകാശവാദവുമായി പി.വി അൻവറും രംഗത്തുണ്ട്. എത്ര കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് വലിയ പ്രതീക്ഷകളില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. 2021ൽ 8595 വോട്ടാണ് ബി.ജെ.പി ആകെ നേടിയിരുന്നത്. പരമാവധി വോട്ട് പിടിക്കാനാണ് ബി.ജെ.പിയും ലക്ഷ്യമിടുന്നത്.
Nilambur by-election; Fronts add and subtract previous vote figures
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."