പാകിസ്താനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഹാങ്ഷു: പാകിസ്താനെതിരേ ജി20 വേദിയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതങ്ങളില്‍ തീവ്രവാദം പരത്തുന്നത് ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണെന്ന് പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തിന്റെ ഏജന്റായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ തീവ്രവാദം പരത്തുന്നവരെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി20 ഉച്ചകോടിയിലെ അവസാന സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
തീവ്രവാദത്തോട് സഹിഷ്ണുത ഇല്ല എന്നതാണ് ഇന്ത്യയുടെ നയം. അതിലപ്പുറം തീവ്രവാദത്തിനെതിരേ യാതൊരു നിലപാടും സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ച് ഒരു തീവ്രവാദി തീവ്രവാദി മാത്രമാണ്. സുരക്ഷാസേനയുടെ വെടിയേറ്റ് ഹിസ്ബുള്‍ കമാന്‍ഡന്റ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മിര്‍ താഴ്‌വരയിലെ അശാന്തിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അനുദിനം വളരുന്ന ഇത്തരം ഭീകരവാദശക്തികള്‍ ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ നയത്തിന്റെ ഭാഗമായി ഭീകരതയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളും നമുക്കിടയിലുണ്ട്. ഭീകരതയ്‌ക്കെതിരേ രാജ്യാന്തര കൂട്ടായ്മ ശക്തമാക്കേണ്ട കാലം അതിക്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി 20 യിലെ അവസാന സമ്മേളനത്തിനു ശേഷം സ്‌കോര്‍പീന്‍ രഹസ്യം പുറത്തായതിലെ ആശങ്കയും അദ്ദഹം ഫ്രഞ്ച് ഭരണാധികാരിയുമായി പങ്കുവച്ചു. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളാദെയോടാണ് ഇന്ത്യയുടെ സുപ്രധാന നാവികരഹസ്യം പുറത്തായതു സംബന്ധിച്ചുള്ള ആശങ്ക പ്രധാനമന്ത്രി അറിയിച്ചത്. ഫ്രാന്‍സിന്റെ പ്രതിരോധ കമ്പനിയായ ഡി.സി.എന്‍.എസുമായി ചേര്‍ന്നായിരുന്നു ഇന്ത്യയുടെ സ്‌കോര്‍പീന്‍ നിര്‍മാണം. എന്‍.എസ്.ജിയിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ഹോളണ്ടുമായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായും ബ്രിട്ടനിലെ പ്രധാനമന്തി തെരേസാ മേയുമായും അദ്ദേഹം ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."