അവസാന സംഘവും മക്കയില്‍; ഹജ്ജ് ക്യാംപിന് സമാപ്തി
മക്ക/നെടുമ്പാശ്ശേരി: തീര്‍ഥാടകര്‍ക്കും സംഘാടകര്‍ക്കും സംതൃപ്തിയേകി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടം സമാപിച്ചു. ഇന്നലെ 386 പേരുടെ അവസാനസംഘം കൂടി മക്കയിലെത്തിയതോടെ സംസ്ഥാന ഹജ്ജ് ക്യാംപ് വഴിയുള്ള തീര്‍ഥാടകരുടെ എണ്ണം 10,594 ആയി.സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവുംവലിയ ഹജ്ജ് ക്യാംപിനാണ് നെടുമ്പാശ്ശേരിയില്‍ പരിസമാപ്തിയായത്. ക്യാംപിന്റെ അവസാന ദിവസമായ ഇന്നലെ തീര്‍ഥാടകരെ യാത്രയാക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമായി നൂറുകണക്കിന് ആളുകളാണ് ക്യാംപിലേക്ക് ഒഴുകിയെത്തിയത്. ക്യാംപ് പ്രവര്‍ത്തനമാരംഭിച്ച ശേഷം ഏറ്റവും വലിയ ജനത്തിരക്കായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും. തീര്‍ഥാടകരും ബന്ധുക്കളും കൂടാതെ തീര്‍ഥാടകരോടോപ്പമുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമായി സമീപ പ്രദേശങ്ങളില്‍ നിന്നു നിരവധി പേര്‍ ക്യാംപിലെത്തിയതാണ് തിരക്ക് കൂടാന്‍ കാരണം. ഇന്നലെ രാവിലെ 11.30 ഓടെ ആരംഭിച്ച ഹാജിമാരുടെ സംഗമത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഹജ്ജ് കാര്യ മന്ത്രി കെ.ടി.ജലീല്‍,മുഹമ്മദ് ഫൈസല്‍ എം.പി,ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, മുന്‍ എം.എല്‍.എ എ.എം.യൂസഫ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഹസന്‍ ഫൈസി,ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,ശരീഫ് മണിയാട്ടുകുടി,എച്ച്.ഇ.ബാബു സേട്ട്,ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ഇ.സി.മുഹമ്മദ്,അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നലെ വൈകിട്ട് 5.30 ന് പുറപ്പെട്ട സഊദി എയര്‍ലൈന്‍സിന്റെ അവസാന ഹജ്ജ് വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു ബഹുഭൂരിഭാഗവും. ലക്ഷദ്വീപില്‍ നിന്നും 289 തീര്‍ഥാടകരാണ് ഈ വിമാനത്തില്‍ യാത്രയായത്. കേരളത്തില്‍ നിന്നുള്ള 68 പേരും മാഹിയില്‍ നിന്നുള്ള 28 പേരും ഈ വിമാനത്തില്‍ യാത്രയായി. ഹജ്ജ് ക്യാംപില്‍ നിന്നും പ്രത്യേക ബസുകളില്‍ വിമാനത്താവളത്തില്‍ എത്തിച്ച തീര്‍ഥാടകരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയാക്കി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാനായി ഒന്‍പത് കുട്ടികള്‍ അടക്കം 10584 തീര്‍ഥാടകരാണ് യാത്ര തിരിച്ചത്. ഇതില്‍ 10268 പേര്‍ കേരളത്തില്‍ നിന്നാണ്. സഊദി എയര്‍ലൈന്‍സിന്റെ 26 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വിസ് നടത്തിയത്. ഈ മാസം 29 മുതലാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുന്നത്. 29 ന് വൈകിട്ട് നാലിന് ആദ്യ സംഘം തീര്‍ഥാടകര്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. മദീന വിമാനത്താവളത്തില്‍ നിന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട തീര്‍ഥാടകരുടെ മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."