റോഡിന്റെ ശോചനീയാവസ്ഥ: പ്രതിഷേധ തിരുവാതിര നടത്തി
കൊച്ചി: സി.പി.ഐ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ തിരുവാതിര നടത്തി. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ നന്നാക്കണമെന്ന ആവശ്യവുമായി 72ാം വാര്‍ഡ് കൗണ്‍സിലര്‍ ജിമിനിയുടെ നേതൃത്വത്തില്‍ എളമക്കര പൊറ്റക്കുഴി ജങ്ഷനിലാണ് തിരുവാതിര അരങ്ങേറിയത്. രാവിലെ 11 മണിക്കാരംഭിച്ച തിരുവാതിര മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു.
2014ല്‍ ബി.എം.ബി.സി നിലവാരത്തില്‍ പണി തീര്‍ത്ത റോഡുകള്‍ കെ.എസ്.ഇ.ബി, ലുലു എന്നിവയ്ക്കു കേബിളിടാന്‍ വേണ്ടി പൊളിച്ചതിനു ശേഷം വീണ്ടും പണിയാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്ന് സി.പി.ഐ നേതാവ് ഷക്കീര്‍ പറഞ്ഞു. റോഡ് പൊളിക്കാന്‍ കോര്പ്പറേഷന് ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.ഇ.ബി 2 കോടി 13 ലക്ഷവും ലുലു ഒരു കോടി മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ് രൂപയും കോര്പ്പറേഷന് നല്‍കിയിരുന്നു.
ഇതിനു പുറമെ തിരിച്ചു നല്കുന്ന ഡെപ്പോസിറ്റ് എന്ന കണക്കില്‍ രണ്ട് കോടി രൂപയും ഇവര്‍ കോര്‍പ്പറേഷനില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ഉപയോഗിച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കോര്പ്പറേഷന് ശ്രമിച്ചിട്ടില്ല. നിലവിലെ മേയര്‍ സൗമിനി ജെയ്നായിരുന്നു അന്നത്തെ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന്.
മത്തായി മാഞ്ഞൂരാന് റോഡ്, പൊറ്റക്കുഴി റോഡ്, ഫ്രീഡം റോഡ്, പുതിയ റോഡ്, ജോര്‍ജ് ഈഡന് റോഡ് എന്നീ റോഡുളാണ് കേബിളിടാന്‍ വേണ്ടി പൊളിച്ചത്. ഇതു വഴിയുള്ള യാത്ര ദിനംപ്രതി ദുസഹമായിക്കൊണ്ടിരിക്കുകയാണ്. ലുലു ഗ്രൂപ്പും കെ.എസ്.ഇ.ബിയും കോര്‍പ്പറേഷനു നല്കിയ ഈ തുകയുടെ വിനിയോഗം സംബന്ധിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഷക്കീര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."