മുട്ടട ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് കുത്തിത്തുറന്ന് മോഷണം
പേരൂര്‍ക്കട: മുട്ടട ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലാബ് കുത്തിത്തുറന്ന് കംപ്യൂട്ടറുകള്‍ മോഷ്ടിച്ചു. 27 കംപ്യൂട്ടറുകളാണ് മോഷണം പോയത്. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ലാബിലെ മുന്‍വശത്തെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ലാബ് ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് കമ്മിഷണറുടേയും ഡി.സി.പിയുടേയും നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
സ്‌കൂളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കംപ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കാമറയില്ല. മറ്റു കാമറകള്‍ രാത്രി സമയം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. അവധി ദിവസം കഴിഞ്ഞ് പ്രധാനാധ്യാപികയും ലാബ് അസിസ്റ്റന്റും
സ്‌കൂളില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സ്‌കൂളുമായി അടുത്ത ബന്ധമുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ചില വിദ്യാര്‍ഥികളും ഉള്‍പ്പെടും.
കമ്പ്യൂട്ടറിനെക്കുറിച്ച് സാങ്കേതികബോധമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് അച്ചടക്കനടപടി നേരിട്ട ചിലവിദ്യാര്‍ഥികള്‍ സ്‌കൂളിലെ അധ്യാപകരെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയ ിരുന്നു. ഇതിനെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളുമായി ബന്ധമുള്ള ആരുടേയെങ്കിലും സഹായമില്ലാതെ ഇത്തരം കവര്‍ച്ച നടത്താനാവില്ലെന്ന് പൊലിസ് പറയുന്നു.
ഒന്നിലധികം വിരലടയാളങ്ങള്‍ സ്ഥലത്തു നിന്ന് കണ്ടെത്തിയെങ്കിലും ഇതിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആരുടേയും അടയാളങ്ങളുമായി സാമ്യം കണ്ടെത്താനായില്ല.രാത്രി വൈകി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."