പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
വടകര: പൊതുസ്ഥലത്തു മാലിന്യം തള്ളിയതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വടകര നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പരിസരമലിനീകരണത്തിനും പൊതുജനാരോഗ്യ പ്രശ്നത്തിനും കാരണമാകുന്ന വിധത്തില്‍ ലിങ്ക് റോഡിന് സമീപം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോള്‍ നഗരത്തിലെ സ്ഥാപനങ്ങളായ കരാമ ഫാന്‍സി ആന്‍ഡ് ഫൂട്ട്വെയര്, റൊമാന്‍സ് ഫാഷന്‍ വെയര്‍ എന്നീ സ്ഥാപനങ്ങളുടെ പേരുള്ള ബില്ലുകള്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് സ്ഥാപന ഉടമകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഇവര്‍ തന്നെയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ. സജീവന് നേതൃത്വം നല്കി. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."