ഓടയില്‍ വീണ് തുടയെല്ലു പൊട്ടി; നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: ഡ്രൈനേജ് സ്ലാബ് പൊട്ടി അഴുക്കുചാലില്‍ വീണു തുടയെല്ലു പൊട്ടിയ വ്യക്തിക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മലപ്പുറം ഹാജിയാര്‍ പള്ളി ജങ്ഷനില്‍ പൊതു നിരത്തിനു സമാന്തരമായി നിര്‍മിച്ച ഡ്രൈനേജ് സ്ലാബിലൂടെ നടന്നു വരുമ്പോഴാണ് മുതുവത്ത് പറമ്പ് മൊയ്തീന്‍കുട്ടി ഓടയില്‍ വീണത്. 2015 ഏപ്രില്‍ 22 നായിരുന്നു സംഭവം.
കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഹാജിയാര്‍ പള്ളിമുതുവത്ത് പറമ്പ് കാരാത്തോട് റോഡ് നിര്‍മിച്ചതും പരിപാലിക്കുന്നതും പൊതുമരാമത്ത് വകുപ്പാണെന്നു വിശദീകരണത്തില്‍ പറയുന്നു. മലപ്പുറം നഗരസഭാ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദരിദ്രനായ പരാതിക്കാരനു വീഴ്ചയെത്തുടര്‍ന്ന് ജോലിയെടുക്കാനുള്ള സാഹചര്യമില്ലാതായതു പരിഗണിക്കണമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. വകുപ്പുകളുടെ ഏകോപനമില്ലായ്മ, അശ്രദ്ധ, ഉദാസീനത എന്നിവ കാരണം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ക്ലേശങ്ങളില്‍ ആശ്വാസം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു.
ഭാവിയില്‍ ഓട നിര്‍മാണത്തിലും പരിപാലനത്തിലും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാകലക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."