ക്രയോൺസ് നഴ്‌സറി നിർമാണത്തിന് ശിലയിട്ടു
ദുബൈ: ചെറിയ കുട്ടികളുടെ പഠനവും മാനസിക വ്യക്തി വികാസവും ലക്ഷ്യമിട്ട് ദുബൈ നാദ് അൽ ഷീബ-1ൽ പ്രവർത്തനമാരംഭിക്കുന്ന ക്രയോൺസ് നഴ്‌സറിയുടെ ശിലാസ്ഥാപന കർമ്മം നടന്നു. കെട്ടിട നിർമ്മാണത്തിനു തുടക്കമായി. നിലവിൽ ദുബൈ അൽഖൂസിലുള്ള ക്രെഡൻസ് ഹൈസ്കൂളിന് ശേഷം നാലപ്പാട് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെയും എം.വി.കെ ഹോൾഡിങ്‌സിന്റെയും വിദ്യാഭ്യാസ മേഖലയിലെ സംയുക്ത നിക്ഷേപത്തിൽ
യു.എ.ഇയിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്. 2026 സെപ്റ്റംബറിൽ എഫ്.എസ്.1, എഫ്.എസ്-2 എന്നിവ തുടങ്ങുന്നതിന് മുന്നോടിയായി പ്രവേശന നടപടികൾ ആരംഭിക്കും. നഴ്‌സറി സൈറ്റിൽ നടന്ന ചടങ്ങിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും നി്‌ക്ഷേപകരും പങ്കെടുത്തു. നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ അവാർ മുഖ്യാതിഥിയായിരുന്നു.
45 ദിവസം പ്രായമുള്ള ശിശുക്കൾ മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള പഠന കേന്ദ്രമാണ് ക്രയോൺസ് നഴ്‌സറി. ഇംഗ്ലീഷ്, അറബി ഭാഷകളിലായി പഠനം നൽകുന്ന നഴ്‌സറിയിൽ ഇരുനൂറോളം കുട്ടികളെ ഉൾക്കൊള്ളാൻ കഴിയും. കുട്ടികളുടെ സർഗ്ഗാത്മകവും വൈകാരികവുമായ വികാസം ലക്ഷ്യമിടുന്നതും ആസ്വാദ്യകരമായ പഠനപ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതുമായിരിക്കും പ്രവർത്തന രീതി.
കുട്ടികളുടെ വ്യക്തിത്വം പരിപോഷിപ്പിക്കപ്പെടുന്നതും അവരിലെ ജിജ്ഞാസയെ മാനിക്കുന്നതുമായ ഒരു തുടക്കം ഏതൊരു കുട്ടിയും അർഹിക്കുന്നതാണെന്ന് നാലപ്പാട് ഇൻവെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറും ക്രെഡൻസ് ഹൈസ്‌കൂൾ ചെയർമാനുമായ അബ്ദുള്ള നാലപ്പാട് അഹമ്മദ് പറഞ്ഞു. ''ദുബൈ യിലെ കുടുംബങ്ങളോട് ഞങ്ങൾ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് തെളിവാണിത്. പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനും സ്വയം പ്രകടിപ്പിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും മികച്ച ശ്രദ്ധ കിട്ടുന്ന പരിത:സ്ഥിതിയിൽ വളരാൻ സഹായിക്കുന്ന ഇടമായിരിക്കും ക്രയോൺസ് നഴ്‌സറി. ഒരു നഴ്‌സറി സ്ഥാപിക്കുക എന്നതിനപ്പുറം, നാളത്തെ നേതാക്കളുടെയും നവോത്ഥാന പ്രവർത്തകരുടെയും ആവിഷ്‌കർത്താക്കളുടെയും തുടക്ക കാലത്തെ വാർത്തെടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്'' -അദ്ദേഹം പറഞ്ഞു.
ഒരു പ്രീ സ്‌കൂൾ എന്നതിനപ്പുറം, കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്ന, പ്രചോദനം നൽകുന്ന, കുട്ടികൾ ആഘോഷിക്കപ്പെടുന്ന ഇടമാണ് കുടുംബങ്ങൾക്ക് ആവശ്യമെന്ന് എം.വി.കെ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടറും ക്രെഡൻസ് ഹൈസ്‌കൂൾ ഗവർണറുമായ സമീർ കെ.മുഹമ്മദ് പറഞ്ഞു. കുട്ടികൾ സ്വന്തമായ ഒരിടത്തുനിന്നു കൊണ്ട് തന്നെ പഠനത്തെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള, സുരക്ഷിതമായ, അവരെ സമ്പുഷ്ടീകരിക്കുന്ന കേന്ദ്രമാണിത്. കുട്ടികളിലെ അന്വേഷണ ത്വരയെയും വൈകാരിക സ്ഥിരതയെയും ആഘോഷിക്കുന്നതിലൂടെ, അവരിൽ ആത്മവിശ്വാസവും കരുണയും സ്ഥിരോത്സാഹവും വളർത്തിയെടുക്കുകയും സ്‌കൂളിലേക്ക് സജ്ജമാക്കുകയുമാണ് ക്രയോൺസ് ചെയ്യുന്നത് -സമീർ കൂട്ടിച്ചേർത്തു.
'വളരെ ചിന്താപൂർവം സജ്ജമാക്കിയ ക്യാമ്പസിൽ, ഇ.വൈ.എഫ്.എസ്., മോണ്ടിസോറി, ഫിന്നിഷ് അധ്യാപന രീതികൾ സമന്വയിപ്പിച്ചുകൊണ്ടാണ് നഴ്‌സറി പ്രവർത്തിക്കുക. കുട്ടികൾക്ക് വൈകാരികമായും സാമൂഹികമായും അക്കാദമികമായും വളരാൻ സഹായകമായുന്ന ഒരു കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം. യു.എ.ഇ.യിൽ എമ്പാടുമുള്ള കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ക്രയോൺസിനെ എത്തിക്കുന്ന വലിയൊരു യാത്രയുടെ തുടക്കമാണിത്. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് അതോറിറ്റിയുടെ എജുകേഷൻ-33 കാഴ്ചപ്പാടിന് അനുസൃതമായുള്ള വിജ്ഞാന കേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ ഒരു സമ്പദ് വ്യവസ്ഥയ്ക്കുള്ള എമിറേറ്റിന്റെ ദീർഘകാല പദ്ധതിയുടെ അർഥവത്തായ പരിപോഷണത്തിന് ഞങ്ങൾ പ്രതിബദ്ധരാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അക്കാദമിക മികവിനും സാംസ്‌കാരിക ശാക്തീകരണത്തിനും നവീനതയ്ക്കും വ്യക്തിഗത വികാസത്തിനും അടിത്തറയിടുന്ന പുരോഗമനപരവും വിദ്യാർഥി കേന്ദ്രീകൃതവുമായ ഒരു സമീപനമാണ് ക്രയോൺസിന്റേത്'-അബ്ദുല്ല പറഞ്ഞു.
The foundation stone has been laid for the construction of the Crayons Nursery
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."