ചെര്‍ക്കള ടൗണ്‍ വികസന പ്രവര്‍ത്തിയില്‍ അപാകതയെന്ന് ആരോപണം റോഡിലെ കുഴിയടക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു കുഴിയടക്കാന്‍ ശ്രമിച്ചതു വിജിലന്‍സ് പരിശോധനക്കു മുമ്പ്
ചെര്‍ക്കള: ചെര്‍ക്കള ടൗണ്‍ വികസന പ്രവൃത്തിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് റോഡിലെ കുഴികള്‍ അടക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ കുഴിയടക്കാനുള്ള ശ്രമമാണു നാട്ടുകാര്‍ തടഞ്ഞത്. വിവരം നാട്ടുകാര്‍ വിജിലന്‍സിനെയും കലക്ടറേയും അറിയിച്ചു. തുടര്‍ന്ന് വിദ്യാനഗര്‍ പൊലിസ് സ്ഥലത്തെത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു രണ്ടു കോടി രൂപ ചെലവിലാണ് ചെര്‍ക്കള ടൗണ്‍ വികസന പ്രവൃത്തി നടക്കുന്നത്.
ടൗണിലെ റോഡ് മെക്കാഡം ചെയ്യാനും ഡ്രൈനേജ് സംവിധാനം ഒരുക്കാനും ഒപ്പം ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കാനുമാണ് എസ്റ്റിമേറ്റുണ്ടായിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡ് മെക്കാഡം ടാര്‍ ചെയ്തതെന്നു തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.
ഇതുകൂടാതെ നഗരത്തിന്റെ ഹൃദയഭാഗത്തു രണ്ടു വലിയ സര്‍ക്കിളുകള്‍ സ്ഥാപിച്ചതു വാഹന യാത്രക്കാരെ വട്ടംകറക്കുന്നതായിരുന്നു. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. രണ്ടു സര്‍ക്കിളുകള്‍ വന്നതോടെ ബസുകള്‍ ചെര്‍ക്കള ടൗണ്‍ മസ്ജിദിനു മുന്നിലാണു നിര്‍ത്തുന്നത്.
എസ്റ്റിമേറ്റില്‍ പറഞ്ഞ ഡ്രൈനേജ് സംവിധാനം ഒരുക്കുക പോലും ചെയ്തിട്ടില്ല. ചെര്‍ക്കള -കല്ലടുക്ക റോഡില്‍ കെട്ടുംകല്ല് വരെ ചെര്‍ക്കള ടൗണ്‍ വികസന ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാര്‍ ചെയ്തിട്ടുമുണ്ട്. ഇത് അനാവശ്യമായിരുന്നുവെന്നാണു നാട്ടുകാര്‍ പറയുന്നത്.
രണ്ടാഴ്ച മുമ്പ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നാണു വിജിലന്‍സിനു പരാതി നല്‍കിയത്. വിജിലന്‍സ് സംഘം ഇന്നു പരിശോധനക്കെത്തുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."