കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ഇന്നു മുതല്‍'തെങ്ങോല കൈവേല ' ശില്‍പശാല
കാസര്‍കോട്: സി.പി.സി.ആര്‍.ഐയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ഇന്നു മുതല്‍ എട്ടുവരെ തെങ്ങോല ശില്‍പശാല നടക്കും. 'തെങ്ങോല കൈവേല' എന്നു പേരിട്ടിരിക്കുന്ന ശില്‍പശാലയില്‍ തെങ്ങോലകള്‍ കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണവും പരിശീലനവും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ്, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിട്ടേജും സംയുക്തമായാണ് സി.പി.സി.ആര്‍.ഐയുടെ സഹകരണത്തോടെ ശില്‍പശാല സംഘടിപ്പിക്കുന്നത്. പുതിയ തലമുറ കണ്ടിട്ടില്ലാത്ത മീന്‍കൊട്ട, പുല്ലരിഞ്ഞിടുന്ന വട്ടിക്കൊട്ട, കുരുത്തോല മുതല്‍ മൂത്തഓല വരെയുള്ള ഓലകള്‍ കൊണ്ടുള്ള വിവിധതരം ഉല്‍പന്നങ്ങളുടെയും കളിയുപകരണങ്ങളുടെയും നിര്‍മാണവും പരിശീലനവും ശില്‍പശാലയില്‍ നടക്കും. തെങ്ങോലകള്‍ കൊണ്ടുള്ള കാറ്റാടി, വാച്ചുകള്‍, തോരണങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ നിര്‍മാണം പുതിയ തലമുറയെ പരിചയപ്പെടുത്തുവാനും ശില്‍പശാല കൊണ്ടു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
കുരുത്തോല കൊണ്ടുള്ള കല്ല്യാണ മണ്ഡപ അലങ്കാരത്തിനുള്ള പരിശീലനവും നടക്കും. 50 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശില്‍പശാലയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം സൗജന്യമാണ്. ഇന്നു രാവിലെ 11നു ചിത്രകാരന്‍ കെ.കെ മാരാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സി.പി.സി.ആര്‍.ഐ ഡയരക്ടര്‍ പി.ആര്‍ ചൗഡപ്പ് അധ്യക്ഷനാവും. രണ്ടു മുതല്‍ അഞ്ചു മണിവരെ ശില്‍പശാല നടക്കും. ഏഴിനു രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ശില്‍പ്പശാല.
എട്ടിനു സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐ ഡയരക്ടര്‍ ഡോ.പി.ആര്‍ ചൗഡപ്പ, ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ. വി.ജയരാജന്‍, ഡോ. സി.തമ്പാന്‍, സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ ഡോ.കെ മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
തേങ്ങ ഉല്‍പന്ന നിര്‍മാതാക്കളുടെ സംഗമം
കാസര്‍കോട്: സി.പി.സി.ആര്‍.ഐയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേങ്ങ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെ സംഗമം 9, 10 തിയതികളില്‍ സി.പി.സി.ആര്‍.ഐ കേന്ദ്രത്തില്‍ നടക്കും. തേങ്ങ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിച്ച വിജയം കൈവരിച്ച 45 നിര്‍മാതാക്കളും 100 ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുക്കും. രണ്ടു ദിവസമായി നടക്കുന്ന സംഗമത്തില്‍ വലിയ വ്യാപാര കരാറുകളാണ് പ്രതീക്ഷിക്കുന്നത്. തേങ്ങ അനുബന്ധ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കളും മധുരപലഹാരങ്ങളും നിര്‍മിച്ചു വിജയം കൈവരിച്ച കാസര്‍കോടെ കാംകോ യൂനിറ്റ് അധികൃതരുമായുള്ള വിവിധ കമ്പനികളുടെയും നിര്‍മാതാക്കളുടെയും മുഖാമുഖവും സംഘടിപ്പിക്കും.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ കമ്പനികള്‍ ബിസിനസ് മീറ്റില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."