അധ്യാപകര്‍ പ്രതിബദ്ധതയുള്ളവരാകണം: മന്ത്രി കെ.കെ ശൈലജ
തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുളള അധ്യാപകര്‍ക്കു മാത്രമേ നല്ല യുവതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ലാസ്സ് മുറികളിലാണ് ഇന്ത്യയുടെ ഭാഗധേയം രൂപം കൊള്ളുന്നതെന്ന നിലപാടുണ്ടായിരുന്ന അധ്യാപകനും ചിന്തകനും കൂടിയായിരുന്നു മുന്‍ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്‍. തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുമതി തേടിയെത്തിയ വിദ്യാര്‍ഥികളോട് തന്റെ പിറന്നാളായി ആഘോഷിക്കാതെ ഗുരുക്കന്‍മാരെ ആദരിക്കാനുളള ദിനമായി എടുക്കണമെന്ന് ഉപദേശിച്ച വ്യക്തിയാണെന്നും മന്ത്രി അനുസ്മരിച്ചു.
അവസര സമത്വം, നാനാത്വത്തില്‍ ഏകത്വം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധിക്കണം. മാലിന്യ സംസ്‌കരണത്തില്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണം. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുളളവരായിരിക്കണം അധ്യാപകരെന്നും അതിന് വിദ്യാര്‍ഥികളോട് സംവദിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി.
സി.എന്‍ ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ്, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടര്‍ ലീന രവിദാസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ.നാരായണി, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍ചാര്‍ജ്ജ്) ജി.ശരത്ത് ചന്ദ്രന്‍, എച്ച്.എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ വി.എം കരീം, വിവിധ സംഘടനാ പ്രതിനിധികള്‍, അധ്യാപക ദിനാഘോഷം കണ്‍വീനര്‍ കല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."