വ്യാവസായിക പരിശീലനവകുപ്പില്‍ നിയമന നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന്
മലപ്പുറം: വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അരിതമെറ്റിക് ഡ്രോയിങ് (കാറ്റഗറി നമ്പര്‍ 528 2012) തസ്തികയുടെ നിയമന നടപടികള്‍ പി.എസ്.സി മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകുന്നതായി ആരോപണം.
1996ന് ശേഷം 2012ലാണ് പി.എസ്.സി ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള 131 ഒഴിവുകളില്‍ 106 എണ്ണത്തിലും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് 4വര്‍ഷം പിന്നിട്ടിട്ടും അഭിമുഖത്തിനുള്ള തിയതി പോലും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മുന്‍ഗണനാക്രമം മറികടന്ന് മറ്റു തസ്തികകളുടെ ഇന്റര്‍വ്യൂ നിശ്ചയിക്കുകയും നിയമന നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു.
2015 ഡിസംബറില്‍ എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുകയും പ്രമാണ പരിശോനധ നടത്തുകയും ചെയ്തിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് വിവേചനപരമാണെന്ന് എ.സി.ഡി ഷോര്‍ട്ട് ലിസ്റ്റ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
അതേസമയം, സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഐ.ടി.ഐകളില്‍ കണക്ക്, എന്‍ജിനിയറിങ്, ഡ്രോയിങ് എന്നിവയുടെ പഠനം ഇപ്പോള്‍ സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ അവതാളത്തിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ എല്ലാ വകുപ്പുകളിലെയും ഒഴിവുള്ള തസ്തികകള്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, നിലവിലുള്ള 25 ഒഴിവുകളും പുതുതായി തുടങ്ങിയ 10 ഐ.ടി.ഐകളിലെ ഒഴിവുകളും ഉള്‍പ്പെടെ 45ഓളം ഒഴിവുകള്‍ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വിവിധ ട്രേഡിലുള്ള വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡന്‍മാര്‍ക്ക് നിയമവിരുദ്ധമായി എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍മാരില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവരെ മാത്രമാണ് അതത് ട്രേഡില്‍ തന്നെയുള്ള ജൂനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്.
മൂന്നു വര്‍ഷത്തെ സേവനത്തില്‍ നിന്നും അതതു ട്രേഡിനെക്കുറിച്ചുള്ള അറിവില്ലാതെ അരിതമെറ്റിക് കം ഡ്രോയിങ് എന്ന വിഷയം കൈകാര്യം ചെയ്യുന്ന യോഗ്യത കൈവരിക്കാന്‍ കഴിയില്ല. മുന്‍പ് ട്രേഡ് മാറ്റി സ്ഥാനക്കയറ്റം നല്‍കിയിരുന്ന വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍മാരെ മാതൃട്രേഡില്‍ തിരികെ നിയമിച്ച് ഐ.ടി.ഐ ട്രയ്‌നിങ് ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍മാര്‍ക്ക് വീണ്ടും എ.സി.ഡി തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാനുള്ള വഴിവിട്ട ശ്രമങ്ങള്‍ നടക്കുന്നത്. ഇതു ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട ജോലിസാധ്യത ഇല്ലാതാക്കുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
എത്രയും പെട്ടെന്ന് അഭിമുഖം നടത്തി റാങ്ക്‌ലിസ്റ്റ് പുറത്തിറക്കാന്‍ പി.എസ്.സിയും നിയമനം നടത്താന്‍ വ്യാവസായിക പരിശീലന വകുപ്പും അടിയന്തരമായി തയാറാകണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."