പുനര്‍വിന്യാസത്തിന്റെ പേരില്‍ ഭാഷാധ്യാപകരെ വട്ടംകറക്കുന്നു: കെ.എ.ടി.എഫ്
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളുടെ കുറവ്കാരണം തസ്തിക നഷ്ടപ്പെട്ട 3800 ഓളം വരുന്ന അറബി, ഉറുദു, സംസ്‌കൃത ഭാഷാധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് അധ്യാപകരെ വട്ടംകറക്കുന്നതായി കെ.എ.ടി.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി. മാതൃവിദ്യാലയത്തില്‍ നിന്നു ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ പഞ്ചായത്ത്തല ഇംപ്ലിമെന്റിങ് ഓഫിസര്‍മാരായ ഹെഡ്മാസ്റ്റര്‍മാരെ സഹായിക്കാനെന്ന പേരിലും ലീവ് വേക്കന്‍സിയിലും ചില എയ്ഡഡ് സ്‌കൂളുകളിലെ പുതിയ തസ്തികയിലേക്കുമാണ് ഇത്തരം അധ്യാപകരെ പുനര്‍വിന്യസിക്കുന്നത്. ഇത് ഭാഷാപഠനത്തെയും ഓണപ്പരീക്ഷയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ ഓരോ ക്ലാസിലും ഒരുകുട്ടി വീതമാണെങ്കിലും അവിടെ നാലു അധ്യാപക തസ്തിക നിലനില്‍ക്കും. എന്നാല്‍ ഭാഷാധ്യാപക തസ്തികകളില്‍ എല്‍.പി വിഭാഗം 28 കുട്ടികളും യു.പി വിഭാഗം 30ഉം ഹൈസ്‌കൂള്‍ വിഭാഗം 25ഉം വിദ്യാര്‍ഥികളാണ് വേണ്ടത്. എന്നാല്‍ 27 കുട്ടികള്‍ അറബിയോ, ഇതര ഭാഷകളോ പഠിക്കാനുണ്ടെങ്കിലും ഒരു കുട്ടിയുടെ കുറവുമൂലം ഭാഷാധ്യാപക തസ്തിക നിലനില്‍ക്കാത്ത അവസ്ഥയാണുള്ളത്.
പുനര്‍വിന്യസിക്കുന്ന അധ്യാപകരെ അവരുടെ വീടിന്റെ അടുത്ത വിദ്യാലയത്തില്‍ ഒഴിവുണ്ടെങ്കില്‍ അവിടേക്കോ അല്ലെങ്കില്‍ അടുത്തോ നിയമിക്കണമെന്ന ഡി.പി.ഐയുടെ ഉത്തരവ് നിലനില്‍ക്കേ പല ഡി.ഡി.ഇമാരും യാതൊരു മാനദണ്ഡവും പാലിക്കാതെ ദൂരെയുള്ള പല സ്‌കൂളുകളിലേക്കുമാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ നിശ്ചിത എണ്ണം കുറവുള്ള സ്‌കൂളുകളിലെ ഡ്രോയിങ്, തുന്നല്‍, ക്രാഫ്റ്റ്, മ്യൂസിക്ക് തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ തൊട്ടടുത്ത വിദ്യാലയങ്ങളില്‍ പൂള്‍ ചെയ്തുകൊണ്ട് മാതൃവിദ്യാലയത്തില്‍ നിലനിര്‍ത്തിയ പോലെ ഭാഷാധ്യാപകരെയും നിലനിര്‍ത്തണമെന്നും 2016-17 അധ്യായനവര്‍ഷം കുട്ടികള്‍ അധികമുള്ള സ്‌കൂളുകളില്‍ തസ്തിക അനുവദിച്ച് അവരെ പുനര്‍വിന്യാസത്തില്‍ നിന്നും ഒഴിവാക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.ടി കുഞ്ഞയമു, ടി.പി അബ്ദുല്‍ ഹക്കീം, എം മന്‍സൂര്‍, പി അബ്ദുല്‍ലത്തീഫ്, സി.പി മുഹമ്മദ് കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എസ്.എ റസാഖ് സ്വാഗതവും സി.എച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."