ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച ആറു വയസ്സുള്ള കുട്ടിയെ മര്‍ദിച്ച കേസില്‍ അധ്യാപികക്കെതിരെ വകുപ്പ് തല നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. മര്‍ദനമേറ്റ ആറു വയസ്സുകാരന്റെ രണ്ടാനമ്മ കൂടിയാണ് ഈ അധ്യാപിക. പെരിന്തല്‍മണ്ണ എഇഒക്ക് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.
ഭക്ഷണം നിഷേധിച്ചെന്നും പൊള്ളല്‍ ഏല്‍പ്പിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഇവരുടെ അച്ഛനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പൊലിസ് എഫ്‌ഐആര്‍ ഇട്ടപ്പോള്‍ രണ്ടാനമ്മ ഒളിവില്‍ പോയിരുന്നു. കുട്ടിയെ പട്ടിണിക്കിട്ടു പീഡിപ്പിച്ചു, പപ്പടക്കോല്‍ കൊണ്ടു പൊള്ളിച്ചു എന്നിവയാണ് രണ്ടാനമ്മയ്ക്ക് മേലുള്ള കുറ്റങ്ങള്‍.
കുഞ്ഞിന് ഒന്നര വയസ്സുളളപ്പോഴായിരുന്നു സ്വന്തം അമ്മ മരിച്ചത്. പിന്നീട് അമ്മയുടെ അച്ഛന്റെ വീട്ടിലും സ്വന്തം അച്ഛന്റെ വീട്ടിലുമായിട്ടായിരുന്നു കുട്ടിയുടെ താമസം. അച്ഛന്‍ വിദേശത്ത് ആയതിനാല്‍ കുട്ടി കഴിഞ്ഞിരുന്നത് രണ്ടാനമ്മയ്‌ക്കൊപ്പവും. ഇടയ്ക്ക് കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കള്‍ കാണാന്‍ വരും. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛന്‍ കുഞ്ഞിനെ കാണാന്‍ സ്‌കൂളിലെത്തിയിരുന്നു. അപ്പോഴാണ് ശരീരത്തില്‍ പരിക്കുകള്‍ ശ്രദ്ധിച്ചത്. പിന്നാലെ ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതി നല്‍കി.
ആരോപണം പരിശോധിച്ച ചൈല്‍ഡ് ലൈന്‍ കുട്ടി മര്‍ദനത്തിനും മറ്റും ഇരയായതായി കണ്ടെത്തുകയും ചെയ്തു. പിന്നാലെ നിയമനടപടികള്‍ തുടരാന്‍ പെരിന്തല്‍മണ്ണ പൊലിസിന് റിപ്പോര്‍ട്ട് കൈമാറി. ഇതിനെ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തത്. പുതിയ സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."