കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒയുടെ വീട്ടിലും ഓഫിസിലും വിജിലന്‍സ് പരിശോധന
കൊടുവള്ളി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒയുടെ വീട്ടിലും ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ സി.വി.എം ശരീഫിന്റെ താമരശ്ശേരി പരപ്പന്‍പൊയിലിലെ വീട്ടിലും കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ഓഫിസിലും ഒരേസമയം പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു.
സി.ഐമാരായ ബാലചന്ദ്രന്‍, രമേഷ്, സുരേഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് രാവിലെ പത്തോടെ പരിശോധനക്കെത്തിയത്. പരാതിയില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കോടതി ഉത്തരവു പ്രകാരം ശരീഫിനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊടുവള്ളിയിലെ ഓഫിസും താമരശ്ശേരിയിലെ വീടും അടച്ചിട്ടാണ് പരിശോധന ആരംഭിച്ചത്. ആഡംബര വീടും സ്വത്തുക്കളും സംബന്ധിച്ചാണ് വിജിലന്‍സ് പ്രധാനമായും അന്വേഷണം നടത്തുന്നത്. എം.വി.ഐയായിരുന്ന ശരീഫ് മാസങ്ങള്‍ക്ക് മുന്‍പാണ് ജോയിന്റ് ആര്‍.ടി.ഒയായി നിയമിതനായത്. കൊടുവള്ളി ആര്‍.ടി.ഒ ഓഫിസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നേരത്തേയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്ത് ഗതാഗത മന്ത്രി മാത്യു ടി. തോമസ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ഓഫിസില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയും ഇവിടെ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."