ഓണത്തിനു കെ.ടി.ഡി.സി പായസ മധുരം വിളമ്പില്ല
കണ്ണൂര്‍: പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതോടെ ഓണത്തിനു കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പായസ മധുരം വിളമ്പില്ല. ഇതോടെ ജനപ്രിയ പദ്ധതികളിലൊന്നായ പായസമേളയാണു മുടങ്ങുന്നത്. പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പായസമേള നിര്‍ത്തേണ്ടി വന്നത്. പെട്ടെന്നു നിയന്ത്രണം വന്നതോടെ അലൂമിനിയം കണ്ടെയ്‌നറുകള്‍ ലഭ്യമാക്കാന്‍ സംവിധാനമായില്ല.
പായസമേളയിലൂടെ ലക്ഷക്കണക്കിനു രൂപയാണു കെ.ടി.ഡി.സിക്ക് വരുമാനം ലഭിച്ചിരുന്നത്. പ്രധാന ഹോട്ടലുകളായ തിരുവനന്തപുരം ചൈത്രം, കൊച്ചി ബോള്‍ഗാട്ടി പാലസ്, കോഴിക്കോട് മലബാര്‍ മാര്‍ഷന്‍, ആലപ്പുഴ കായംകുളം മോട്ടല്‍ ആരാമം, വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ ടാമറിന്റ് ഈസി എന്നിവിടങ്ങളിലാണു പായസമേള നടത്തിയിരുന്നത്.
കോഴിക്കോട് 30 ലക്ഷത്തിന്റെയും ചൈത്രത്തില്‍ 20 ലക്ഷത്തിന്റെയും കായംകുളത്ത് 15 ലക്ഷത്തിന്റെയും വരുമാനം കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. അമ്പലപ്പുഴ പാല്‍പായസം, അട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, പാലട, നവരസം, പഴം പ്രഥമന്‍ തുടങ്ങിയ ഇനങ്ങളാണ് ഒരുക്കാറുണ്ടായിരുന്നത്. ഒരു ലിറ്ററിന്റെയും അരലിറ്ററിന്റെയും കണ്ടയ്‌നറുകളില്‍ നല്‍കിയിരുന്ന പായസത്തിന് ആവശ്യക്കാരേറെ ഉണ്ടായിരുന്നു. നഗരങ്ങളില്‍ കഴിയുന്നവരാണു കൂടുതലായി എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."