പ്രൈമറി വിഭാഗം വിദ്യാര്‍ഥികളെ വട്ടം കറക്കി പാദവാര്‍ഷിക പരീക്ഷ
ചെറുവത്തൂര്‍: പ്രൈമറി വിഭാഗം വിദ്യാര്‍ഥികളെ വലച്ച് പാദവാര്‍ഷിക പരീക്ഷ. യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ നല്‍കി ചോദ്യകര്‍ത്താക്കള്‍ പ്രൈമറി കുട്ടികളെ പരീക്ഷിക്കുകയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. 2013 ല്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊപ്പം തയാറാക്കിയ മൂല്യ നിര്‍ണയ രേഖയില്‍ നിന്നും വ്യതിചലിച്ചാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
എല്‍.പി ക്ലാസുകളിലെ മലയാളം പരീക്ഷയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 'തുറന്നുവിട്ട തത്ത' എന്ന പാഠഭാഗം കവിതയാക്കി എഴുതുക എന്നതായിരുന്നു മൂന്നാം തരത്തിലെ ഒരു ചോദ്യം. പാദവാര്‍ഷിക പരീക്ഷയാകുമ്പോഴേക്കും കുട്ടികള്‍ കൈവരിക്കേണ്ട നേട്ടങ്ങളില്‍ ഇങ്ങനെയൊരു ശേഷി എവിടെയും പറയുന്നുമില്ല. നാലാം തരത്തില്‍ നല്‍കിയ അനുഭവക്കുറിപ്പ്, കവിതാ പൂരണം, മൂന്നാം തരത്തിലെ ജീവചരിത്രക്കുറിപ്പ് എന്നിവയും വിമര്‍ശനത്തിനു ഇടയാക്കി. ഓരോ പാഠം കഴിയുമ്പോഴും ഒന്നാം ക്ലാസിലെ കുട്ടികള്‍ പഠിക്കേണ്ട അക്ഷരങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പരിചയപ്പെടാത്ത 'ഞ്ഞ' എന്ന അക്ഷരം കൊണ്ട് വാക്കുകള്‍ എഴുതാന്‍ പറഞ്ഞു ചോദ്യകര്‍ത്താക്കള്‍ കുട്ടികളെ 'ക്ഷ' വരപ്പിച്ചു. കഴിഞ്ഞ വാര്‍ഷിക പരീക്ഷ വരെ നടന്ന പരീക്ഷാ രീതി തന്നെ പല പരീക്ഷകളിലും മാറ്റിമറിച്ചതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം പരിഗണിച്ചാണ് ചോദ്യങ്ങള്‍ തയാറാക്കിയത്.
ഒറ്റവാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും, വിവരണാത്മക ചോദ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ പല വിഷയങ്ങളിലും അതുണ്ടായില്ല. ചോദ്യങ്ങള്‍ എത്തിച്ചു നല്‍കിയതിലും അപാകതകള്‍ ഉണ്ടായി. കാസര്‍കോട് ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ ഒരു കെട്ടില്‍ തന്നെ ഇടകലര്‍ത്തി നല്‍കിയതും അധ്യാപകരെയും വലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."