കാനഡയും യു.കെയും മാറി നില്‍ക്കും; തൊഴിലാണ് ലക്ഷ്യമെങ്കില്‍ സ്വിറ്റ്‌സ്വര്‍ലാന്റിലേക്ക് പറന്നോളൂ; 2024ല്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലകള്‍ ഇവയാണ്
വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പറക്കുന്നവരുടെ പ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ് സ്വിറ്റ്‌സ്വര്‍ലാന്റ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ഭദ്രതയുള്ള രാജ്യമെന്നത് തന്നെയാണ് അതിനൊരു പ്രധാന കാരണവും. എന്നാല്‍ ഇതിനപ്പുറം തൊഴില്‍ മേഖലയിലും, പഠന സാഹചര്യങ്ങളിലും, ജീവിത നിലവാരത്തിലും സ്വിസ് എന്നും മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് കാനഡ, യു.എസ്, യു.കെ പോലുള്ള ഡെസ്റ്റിനേഷനുകളിലേക്കുള്ള കുടിയേറ്റം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റ് നമുക്ക് മുന്നില്‍ അവസരത്തിന്റെ പുത്തന്‍ സാധ്യതകളും തുറക്കുന്നുണ്ട്.
ജോലി സാധ്യതകള്‍
2023ന്റെ അവസാന പാദത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റില്‍ 251226 ജോലിയൊഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാനമായി 2024ലും സ്വിസ് തൊഴിലുടമകള്‍ വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ വ്യാപകമായി നിയമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മേഖല തിരിച്ചുള്ള തൊഴില്‍ കണക്കുകള്‍ ഇങ്ങനെ,
സ്വിറ്റ്‌സ്വര്‍ലാന്റില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ നിലിനില്‍ക്കുന്ന മേഖലയാണ് ആരോഗ്യ രംഗം. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം 15790 ജോലികള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ഷെങ്കന്‍ വിസ ഇന്‍ഫോ. കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൊട്ടുപിന്നാലെ നിര്‍മാണ മേഖല 13566, തുടര്‍ന്ന് റീട്ടെയില്‍, ട്രേഡ് (12761), ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ വ്യവസായം (10478), ഐ.ടി (8024), എന്നീ മേഖലകളിലാണ് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഗരങ്ങളുടെ കണക്കെടുത്താല്‍ സൂറച്ചിലാണ് തൊഴില്‍ മേഖല കൂടുതല്‍ ശക്തിയുള്ളത്. സൂറിച്ച് (55113), ബേണ്‍ 37939, അരഗാവ് 20350, സെന്റ് ഗാലന്‍ 18178, ലൂസെര്‍ണ്‍ 17021 എന്നിവിടങ്ങളിലാണ് കൂടുതല്‍ അവസരങ്ങളുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2023 സെപ്തംബറില്‍ സെന്റ് ഗാലന്‍ ആന്‍ഡ് അഡ്വാന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍, രാജ്യത്ത് മികച്ച തൊഴിലാളികളുടെ കടുത്ത ക്ഷാമമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.ഗോട്ട്‌ലീബ് ഡട്ട്‌വീലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ജിഡിഐ) കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം 50,000 വിദഗ്ധരായ പ്രൊഫഷണലുകളുടെ മിതമായ ഒഴുക്കുണ്ടായാലും, 2030 ഓടെ 400,000 തസ്തികകള്‍ വരെ നികത്തപ്പെടാതെയിരിക്കാം.
സ്വിസ് വര്‍ക്ക് എങ്ങനെ നേടാം?
ഒരു സ്വിസ് വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന്, വ്യക്തികള്‍ യൂണിവേഴ്‌സിറ്റി ബിരുദവും വര്‍ഷങ്ങളുടെ അനുഭവവും പ്രത്യേക വൈദഗ്ധ്യവും ഉള്ള വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികളായിരിക്കണം. അപേക്ഷകര്‍ക്ക് മുന്‍കൂറായി ഒരു ഓഫര്‍ ലെറ്റര്‍ ലഭിക്കുകയും വേണം.
കൂടാതെ, സ്വിസ് വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി കഴിഞ്ഞ വര്‍ഷം നിയമങ്ങള്‍ ലഘൂകരിക്കാന്‍ രാജ്യം തീരുമാനിച്ചിരുന്നു. ഇതിലൂടെ ഈ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് എളുപ്പമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."