സഹകരണ വകുപ്പിന്റെ ടീം ഓഡിറ്റ് പദ്ധതി: ഇനി പ്രവര്‍ത്തന മൂലധനം മാനദണ്ഡം; ഓഡിറ്റ് ഫീസ് ഉയര്‍ത്തി
തൊടുപുഴ: സഹകരണ വകുപ്പിന്റെ ടീം ഓഡിറ്റ് പദ്ധതിയിൽ പ്രവർത്തന മൂലധനം മാനദണ്ഡമാക്കി ഓഡിറ്റർമാരെ നിയമിക്കാൻ തീരുമാനം. ടീം ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടക്കാല സ്‌കീം സർക്കാർ അംഗീകരിച്ചതിന് പിന്നാലെ ഓഡിറ്റ് ഫീസ് ഉയർത്തിയത് സഹ. സംഘങ്ങൾക്ക് വൻ ബാധ്യത വരുത്തിവയ്ക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഓഡിറ്റർമാർക്ക് സ്വതന്ത്ര ഓഡിറ്റ് നടത്താമെന്നത് നേട്ടമാണ്.
അഞ്ചു കോടി രൂപ വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങൾ 100 രൂപയ്ക്ക് 50 പൈസ എന്ന ക്രമത്തിൽ പരമാവധി ഒരു ലക്ഷം രൂപ ഓരോ ഓഡിറ്റ് വർഷവും ഓഡിറ്റ് ഫീസായി അടയ്ക്കണം. ഇത്തരം സംഘങ്ങൾ നാമമാത്രമാണ്. ഭൂരിഭാഗം സംഘങ്ങളും 5 കോടിക്ക് മുകളിൽ പ്രവർത്തന മൂലധനമുള്ളവയാണ്. 5 കോടി മുതൽ 10 കോടി വരെ ഒന്നര ലക്ഷം രൂപ, 10 കോടി മുതൽ 25 കോടി വരെ രണ്ട് ലക്ഷം രൂപ, 25 കോടി മുതൽ 50 കോടി വരെ മൂന്ന് ലക്ഷം രൂപ, 50 കോടി മുതൽ 100 കോടി വരെ അഞ്ച് ലക്ഷം രൂപ, 100 കോടി മുതൽ 250 കോടി വരെ എട്ട് ലക്ഷം രൂപ, 250 കോടി മുതൽ 500 കോടി വരെ 10 ലക്ഷം രൂപ, 500 കോടി മുതൽ 750 കോടി വരെ 15 ലക്ഷം രൂപ, 750 കോടി മുതൽ 1000 കോടി വരെ 20 ലക്ഷം രൂപ, 1000 കോടിക്ക് മുകളിൽ 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓഡിറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഓഡിറ്റർമാരുടെ ഡി.എ, എച്ച്.ആർ.എ (25%), എൽ.എസ് ആന്റ് പി.സി (ലീവ് സാലറി ആന്റ് പെൻഷൻ കോൺട്രിബ്യൂഷൻ) എന്നിവ കൂടി ചേർത്ത് അടയ്ക്കണം. ഇത് സഹകരണ സംഘങ്ങൾക്ക് വൻ ബാധ്യത വരുത്തിവയ്ക്കും. നിലവിൽ അടച്ചു വരുന്ന ഓഡിറ്റ് ഫീസിന്റെ അഞ്ചിരട്ടി വരെ പല സംഘങ്ങളും അടയ്‌ക്കേണ്ടി വരും.
ഓഡിറ്റ് ഫീസ് ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്ന സംഘങ്ങളിൽ ജില്ലാ ജോയിന്റ് ഡയരക്ടർമാർ നൽകുന്ന ഡിമാന്റ് ലിസ്റ്റ് അനുസരിച്ച് സംഘങ്ങളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കണമെന്നും മതിയായ തുക ബാക്കിനിൽപ്പ് ഇല്ലെങ്കിൽ റവന്യു റിക്കവറിയിലൂടെ തുക ഈടാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.
സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിലും അധിക തസ്തിക രൂപീകരിക്കുന്നത് ഒഴിവാക്കിയും ഇടക്കാല സ്‌കീം അംഗീകരിക്കാമെന്നാണ് വ്യവസ്ഥ. അതിനാൽ ടീം നേതൃത്വത്തിന് നിശ്ചയിച്ചിട്ടുള്ള തസ്തികയില്ലെങ്കിൽ അതിന് തൊട്ടു താഴെയുള്ള തസ്തികയിലെ ഉദ്യോഗസ്ഥരെ കൊണ്ട് ഓഡിറ്റ് നിർവഹിക്കേണ്ടതാണ്. 100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്‌പെഷൽ ഗ്രേഡ് / സീനിയർ ഓഡിറ്റർമാരും 100 കോടിക്കും 500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളിൽ അസി. ഡയരക്ടർമാരും 500 കോടിക്ക് മുകളിലുള്ള സംഘങ്ങളിൽ ഡെപ്യൂട്ടി ഡയരക്ടറുമാണ് ടീം ലീഡർമാർ. ഇതിന്റെ മേൽനോട്ടം ജോയിന്റ് ഡയരക്ടർമാർക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."