ബാലുശ്ശേരിയില്‍ ബലിപെരുന്നാള്‍ കാലിച്ചന്ത തകൃതി
ബാലുശ്ശേരി: ജില്ലയിലെ പ്രധാന ചന്തകളിലൊന്നായ ബാലുശ്ശേരിയില്‍ ബലിപെരുന്നാള്‍ കാലിച്ചന്തയില്‍ വില്‍പന തകൃതി. നാടിന്റെ നാനാദിക്കില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ തന്നെ ലോറികളില്‍ ഉരുക്കളെ എത്തിച്ചിരുന്നു. ഇതു ഗതാഗതക്കുരുക്കിനുമിടയാക്കി. ബുധനാഴ്ചകളില്‍ ആഴ്ചച്ചന്തയോടനുബന്ധിച്ചു നടത്തിപ്പോന്നിരുന്ന കാലിച്ചന്ത ബാലുശ്ശേരിയുടെ ഗതകാല സ്മരണകളുണര്‍ത്തുന്നതായി.
മാടുകളുടെയും കാളകളുടെയും ഏകദേശ തൂക്കം നോക്കിയാണു കാലിച്ചന്തയില്‍ വിലപേശി വില്‍പന നടന്നിരുന്നതെങ്കില്‍ ബലിപെരുന്നാള്‍ ചന്തയില്‍ ലക്ഷണമൊത്ത ഉരുക്കള്‍ക്കാണ് ആവശ്യക്കാരുള്ളത്. ഇതു മുന്നില്‍കണ്ടു പ്രത്യേക പരിചരണത്തോടെ വളര്‍ത്തിയ ഉരുക്കളാണു വ്യാപാരികള്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുള്ളത്. എണ്ണയില്‍ മിനുക്കിയും മഴ നനഞ്ഞാല്‍ കുതിര്‍ന്നു പോകാത്ത രീതിയിലുള്ള കറുത്ത ചായം തേച്ചുമാണു ചില വ്യാപാരികള്‍ ഉരുക്കളെ കൊണ്ടുവന്നത്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പഴക്കംചെന്ന വ്യാപാരികളും നാട്ടുകാരും ചന്തവിപണി കാണാനെത്തിയിരുന്നു. കോടികളുടെ കച്ചവടമാണ് ഇന്നല മാത്രം നടത്തിയതെന്നു വ്യാപാരികള്‍ പറഞ്ഞു. താരതമ്യേന കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിലക്കുറവാണ് ഇത്തവണയുണ്ടായതെന്ന് എരമംഗലത്തെ പഴയകാല വ്യാപാരിയായ തെറ്റത്ത് അബ്ദുല്‍ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."