പെരുമ്പാവൂരിലെ ഗതാഗത പരിഷ്‌കാരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായി പരാതി
പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായി നടപ്പാക്കിയിട്ടുള്ള ഗതാഗത പരിഷ്‌കാരത്തില്‍ ജ്യോതി തിയ്യറ്റര്‍ ലിങ്ക് റോഡ് വഴി ബസുകള്‍ തിരിച്ചുവിടുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായി പരാതി. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായാണ് നഗരത്തിലെ ബസുകളുടേയും ഗുഡ്‌സ് വാഹനങ്ങളുടേയും സഞ്ചാരത്തില്‍ ചില മാറ്റങ്ങള്‍ നടപ്പിലാക്കിയത്.
ഗാന്ധി സ്‌ക്വയറിലേയും കോലഞ്ചേരി കവലയിലേയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ജ്യോതി ലിങ്ക് റോഡ് വഴിയാണ് ബസുകള്‍ തിരിച്ചുവിടുന്നത്. നൂറ് മീറ്ററോളം വരുന്ന ഇടുങ്ങിയ റോഡ് വര്‍ഷങ്ങളോളം തകര്‍ന്ന് കിടക്കുകയും തുടര്‍ന്ന് വ്യാപാരികളുടേയും യാത്രക്കാരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്താണ് കട്ട വിരിച്ച് വീണ്ടും സഞ്ചാരയോഗ്യമാക്കിയത്. എ.എം റോഡില്‍ നിന്നും ഇറക്കത്തോടെ വളവ് തിരിഞ്ഞ് പ്രവേശിക്കുന്ന ലിങ്ക് റോഡിന് ഇരുവശത്തും നിരവധി വ്യാപാരസ്ഥപാനങ്ങളും ഓട്ടോ സ്റ്റാന്റും ഉണ്ട്.
ഈ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ തന്നെ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. പി.പി റോഡില്‍ നിന്നും നിരവധി വാഹനങ്ങള്‍ ഈ റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നുണ്ട്. നഗരത്തിലെ ഗാതഗതക്കുരുക്കില്‍പെട്ട് സമയം നഷ്ടമായ ബസുകള്‍ അടുത്ത ട്രിപ്പിന് ആളെ നിറയ്ക്കുന്നതിനായി മരണപ്പാച്ചിലാണ് നടത്തുന്നത്. എ.എം റോഡില്‍ നിന്നും ഇറക്കവും വളവും തിരിഞ്ഞ് വേഗത്തിലെത്തുന്ന ബസുകള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഈ ലിങ്ക് റോഡില്‍ ബസുകള്‍ തിരിച്ചുവിടാന്‍ ബുദ്ധിമുട്ടാണ്. ഓണവും - ബ്രക്രീദും അടുത്തതോടെ ഇവിടം കൂടുതല്‍ തിരക്കേറും. അതിനാല്‍ തന്നെ ഗതാഗത സ്തംഭനവും അപകടങ്ങളും വര്‍ധിക്കാനാണ് സാധ്യത. വ്യപാരികളും ഓട്ടോ ഡ്രൈവര്‍മാരും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി ബസ് തിരിച്ചു വിടുന്നത് ഒഴിവാക്കി മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് മറ്റ് യാത്രക്കാരുടേയും വ്യാപാരികളുടേയും ആവശ്യം.
നഗരത്തിലെ ഗതാഗതക്കുരുക്ക് ശാപമായി മാറിയ സാഹചര്യമാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ച മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ജനങ്ങള്‍ ഏറെ വലഞ്ഞിരുന്നു. പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്കുള്ള പരീക്ഷ കേന്ദ്രങ്ങളായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ നഗരത്തില്‍ തുടങ്ങിയ ഗതാഗത കുരുക്ക് വൈകിട്ട് നാല് മണിയായിട്ടും തീര്‍ന്നിരുന്നില്ല. 1.30 ന് പരീക്ഷ ആരംഭിച്ചതിന് ശേഷമാണ് പല ഉദ്യോഗാര്‍ഥികളും പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിയത്. ദിനംപ്രതി ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെരുമ്പാവൂര്‍ ബൈപാസ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്നാണ് യത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."