ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കും; അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളെല്ലാം നിലക്കും
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടിപരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രോഗീപരിചരണം ഒഴികെ എല്ലാ സേവനങ്ങളിൽനിന്നും വിട്ടുനിൽക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ എല്ലാ സ്ഥാപനങ്ങളിലും അത്യാഹിത വിഭാഗം ഒഴികെ സേവനങ്ങളെല്ലാം പൂർണമായും നിർത്തി പ്രതിഷേധിക്കും.
താമരശേരി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപ് (40) ആണ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോ. വിപിനെ വെട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സനൂപിന്റെ മകൾ അനയ മരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഡോക്ടറെ ആക്രമിക്കാൻ സനൂപിനെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. സനൂപിനെ താമരശേരി പൊലിസ് അറസ്റ്റ് ചെയ്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെത്തി.
തലയ്ക്കു പരുക്കേറ്റ ഡോക്ടർ വിപിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന മിന്നൽ പണിമുടക്ക് നടത്തി.
രണ്ടു മക്കളുമായാണ് സനൂപ് താലൂക്ക് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്തുനിർത്തിയ ശേഷം സൂപ്രണ്ടിന്റെ മുറിയിലെത്തുകയായിരുന്നു. ഈ സമയം സൂപ്രണ്ട് മുറിയിലുണ്ടായിരുന്നില്ല. തുടർന്ന് എന്റെ മകളെ കൊന്നവനല്ലേടാ...' എന്ന് വിളിച്ചുപറഞ്ഞ് സനൂപ്, രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയിൽ സംസാരിക്കുകയായിരുന്ന വിപിനെ വെട്ടുകയായിരുന്നുവെന്ന് ആശുപത്രിയിലെ ലാബ് ജീവനക്കാരൻ അനിൽ പറഞ്ഞു. ഉടൻ അവിടെയുണ്ടായിരുന്നവർ ചേർന്ന് സനൂപിനെ കീഴ്പ്പെടുത്തി. തുടർന്ന് പൊലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."