ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക്, ഞെട്ടിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ മിന്നൽ സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ സമരത്തിന്റെ ഭാഗമാകുമെന്ന് കെജിഎംഒഎ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കൾ പറഞ്ഞു.
താമരശ്ശേരി ആശുപത്രിയിൽ ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്. താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ പ്രവർത്തനവും നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ് ഡോക്ടർമാർ. ഇതിനിടെയാണ് നാളെ ജില്ല മുഴുവൻ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും നാളെ പ്രവർത്തിക്കുക.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുകാരിയുടെ പിതാവാണ് ഡോക്ടറെ വെട്ടിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. വടിവാള് കൊണ്ടാണ് വെട്ടിയത്. പരുക്ക് ഗുരുതരമാണ്. തലക്ക് പരുക്കേറ്റ ഡോക്ടർ വിപിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. സനൂപ് എന്നയാളാണ് ആക്രമിച്ചത്. ആഗസ്റ്റിലാണ് സനൂപിന്റെ മകൾ മരിച്ചത്.
അതേസമയം, ഡോക്ടർ വിപിനെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആക്രമണം അത്യന്തം അപലപനീയമാണെന്ന് പറഞ്ഞ മന്ത്രി, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു. സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."