താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി സനൂപ് തനിക്ക് കുറ്റബോധമില്ലെന്ന് വ്യക്തമാക്കി. ആക്രമണം ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും സമർപ്പിക്കുന്നുവെന്ന് സനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന് പിന്നാലെ, വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ സനൂപ് ഇക്കാര്യം പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവാണ് സനൂപ്. ആശുപത്രിയിലെത്തിയ പര്തി, "എന്റെ മകളെ കൊന്നവനല്ലേ?" എന്ന് ചോദിച്ചുകൊണ്ട് ഡോക്ടർ വിപിന്റെ തലയിൽ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഡോക്ടർ വിപിന് ഗുരുതര പരിക്കേറ്റു.
സംഭവത്തിൽ സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് ആക്രമണം, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോക്ടറെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
കുട്ടിയുടെ മരണത്തിന് ശേഷം സനൂപ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്നും, നേരത്തെ റഫർ ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പറഞ്ഞതായി ഭാര്യ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതിനെ പിന്തുണച്ചതായി അവർ പറഞ്ഞു.
അതിനിടെ, ഈ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സർക്കാർ ഡോക്ടർമാർ ഒക്ടോബർ 9-ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചകളും ഈ സംഭവം വെളിപ്പെടുത്തുന്നതായി കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) വിമർശിച്ചു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്നും അവർ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."