കഫ്‌സിറപ്പ് ദുരന്തം; ഫാര്‍മ കമ്പനി ഉടമ പിടിയില്‍, മരണസംഖ്യ 21 ആയി
ഭോപ്പാല്‍: കഫ്‌സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ കമ്പനി ഉടമ അറസ്റ്റില്‍. 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ നിര്‍മാതാക്കളായ തമിഴ്നാട്ടിലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലിസ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിന് പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു.
'കോള്‍ഡ്രിഫ്' ചുമ മരുന്ന് കഴിച്ച് ഇരുപതോളം കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. രാജസ്ഥാനിലും സമാനരീതിയില്‍ മരണങ്ങളുണ്ടായി. സംഭവത്തിന് പിന്നാലെ മരുന്ന് കമ്പനിക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്.ഐ.ടി സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കാഞ്ചീപുരം സുങ്കുവര്‍ഛത്രത്തിലെ വ്യവസായ മേഖലയിലെ ശ്രീശന്റെ കമ്പനി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നിര്‍മിച്ച ഒരു ബാച്ച് മരുന്നില്‍ 'ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍' എന്ന പദാര്‍ഥം വന്‍തോതില്‍ കണ്ടെത്തിയിരുന്നു. പെയിന്റിലും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നതാണ്.
അതേസമയം, കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കഫ്‌സിറപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.
കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
English Summary: In connection with the deadly cough syrup tragedy, the owner of Srisen Pharmaceuticals, Ranganathan Govindan, has been arrested by Madhya Pradesh police from Chennai. The company manufactured the 'Coldrif' cough syrup, consumption of which led to the deaths of at least 21 children in Madhya Pradesh. Similar fatalities were also reported in Rajasthan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."