കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
ഭോപ്പാൽ: വിഷാംശം കലർന്ന കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ ഒരു ഡോക്ടർ അറസ്റ്റിൽ. പ്രവീൺ സോണി എന്ന ഡോക്ടർ ആണ് അറസ്റ്റിലായത്. Coldrif syrup എന്ന വ്യാജ മരുന്ന് കുട്ടികൾക്ക് നൽകിയ സംഭവത്തിലാണ് നടപടി. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും പരേഷ്യയിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ചികിത്സ തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വിഷം കലർന്നതായി സംശയിക്കുന്ന സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെയാണ് കേസെടുത്തത്. ചിന്ദ്വാര ജില്ലയിലെ പരസിയ പൊലിസ് സ്റ്റേഷനിൽ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
കഫ് സിറപ്പ് നൽകിയതിനെ തുടർന്ന് അഞ്ച് വയസ്സിന് താഴെയുള്ള നിരവധി കുട്ടികളാണ് മരിച്ചത്. പിന്നീട് ലബോറട്ടറി പരിശോധനയിൽ ആന്റിഫ്രീസിലും ബ്രേക്ക് ഫ്ലൂയിഡുകളിലും സാധാരണയായി ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. രോഗബാധിതരായ കുട്ടികളുടെ വൃക്കയിൽ നടത്തിയ പരിശോധനയിൽ അവർ കഴിച്ച ചുമ സിറപ്പിൽ DEG എന്ന പദാർത്ഥത്തിന്റെ അംശം കണ്ടെത്തിയതായി ബയോപ്സി റിപ്പോർട്ടുകൾ ഉദ്ധരിച്ച് ചിന്ദ്വാര ജില്ലാ കളക്ടർ ഷീലേന്ദ്ര സിംഗ് പറഞ്ഞു.
എഫ്‌ഐആർ പ്രകാരം, തമിഴ്‌നാട് കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച കോൾഡ്രിഫ് സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഗവൺമെന്റ് ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നടത്തിയ ഒരു പ്രത്യേക പരിശോധനയിൽ 46.28% ഒരേ വിഷ സംയുക്തം കണ്ടെത്തുകയും ചെയ്തു. രണ്ട് റിപ്പോർട്ടുകളും മരുന്ന് മായം കലർന്നതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് പ്രഖ്യാപിച്ചു.
മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് കഫ് സിറപ്പ് സംസ്ഥാനവ്യാപകമായി വിൽക്കുന്നത് ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികളുടെ മരണവുമായി കോൾഡ്രിഫ് കഫ് സിറപ്പിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനെത്തുടർന്ന് ഒക്ടോബർ 1 മുതൽ തമിഴ്‌നാട് സർക്കാർ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചതിനെ തുടർന്നാണ് ഈ നടപടി. വിപണിയിൽ നിന്ന് ഈ മരുന്ന് നീക്കം ചെയ്യാനും ഉത്തരവിൽ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."