ഹജ്ജ് സമയത്ത് വീണ്ടും സഊദിയുമായി കൊമ്പുകോര്‍ത്ത് ഇറാന്‍
റിയാദ് : ഹജ്ജ് ദിവസം അടുത്തതോടെ സഊദിയുമായി കൊമ്പ് കോര്‍ത്ത് വീണ്ടും ഇറാന്‍ രംഗത്ത് . സഊദിയുടെ നിലപാടുകളെ കടുത്ത രീതിയില്‍ വിമര്‍ശിച്ചും സഊദിക്കെതിരെ മുസ്‌ലിം ലോകം കൈകോര്‍ക്കണമെന്നുമുള്ള അബദ്ധ ജഡിലമായ പ്രസ്താവനയുമായാണ് ഇറാന്‍ ഇപ്പോള്‍ രംഗത്തെത്തിയത്.
സഊദി ഗവണ്മെന്റിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്നും കടുത്ത പ്രതിരോധങ്ങള്‍ സഊദിക്കെതിരെ തീര്‍ക്കണമെന്നും ബുധനാഴ്ച ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇറാന്‍ ക്യാബിനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
സഊദി ഗവണ്മെന്റിനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ മേഖലയിലെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ക്യാബിനറ്റ് യോഗത്തില്‍ ആഹ്വാനം ചെയ്തതായി ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി ഇര്‍നയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സഊദിയുമായി ഇറാന്റെ നിലപാട് വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സമയത്ത് മിനയില്‍ രണ്ടായിരത്തിലധികം തീര്‍ഥാടകരുടെ മരണത്തിനു കാരണമായ ദുരന്തത്തിനു പിന്നില്‍ ഇറാന്റെ അട്ടിമറിയാണെന്ന് സഊദി ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ ഈ വര്‍ഷത്തെ ഹജ്ജിനു സഊദിയുമായി കരാറിലേര്‍പ്പെടാന്‍ ഇറാന്‍ സര്‍ക്കാര്‍ പിന്‍മാറിയിരുന്നു .ഏറെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാതെ ഇറാന്‍ പിന്മാറുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഈ വര്‍ഷം മറ്റു രാജ്യങ്ങളിലെ എംബസികള്‍ മുഖേന കുറഞ്ഞയാളുകള്‍ മാത്രമാണ് ഹജ്ജിനെത്തിയത്.
എന്നാല്‍ സഊദിയുടെ നേതൃത്വത്തില്‍ കൊലപാതകമാണ് കഴിഞ്ഞ വര്‍ഷം മിനയില്‍ നടന്നതെന്ന് തിങ്കളാഴ്ച ഇറാന്‍ സുപ്രീം ലീഡര്‍ ആയത്തുള്ള ഖഅംനഈ ആരോപിച്ചിരുന്നു.
ദുരന്തത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ഇറാന്‍ തീര്‍ഥാടകരായിരുന്നു.
ഇറാന്റെ നിലപാടിനെതിരെ കരുതലോടെ നീങ്ങുന്ന സഊദി ഇറാന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇറാന്‍ ആഗ്രഹിക്കുന്നത് ഹജ്ജിനെ രാഷ്ട്രീയ വലക്കരിക്കാനാണെന്നും ഹജ്ജുമായി ബന്ധപ്പെട്ടു ഇറാനിലെ ചില നേതാക്കള്‍ വസ്തുത വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും ആഭ്യന്തര മന്ത്രി നായിഫ് രാജകുമാരന്‍ പ്രസ്താവിച്ചിരുന്നു.
കൂടാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഹജ്ജിനെ ദുരുപയോഗം ചെയ്യുന്നത് സഊദി പണ്ഡിത സഭയും അപലപിച്ചിരുന്നു.
നിരവധി അബദ്ധങ്ങളും അസത്യങ്ങളും നിറഞ്ഞതാണ് ഇറാന്‍ നേതാവ് ആയത്തുള്ള ഖിന്‍നാഈ കഴിഞ്ഞ ദിവസം നടത്തിയതെന്നും മുസ്‌ലിം ലോകത് ചിദ്രത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നതെന്നും സഊദി പണ്ഡിത സഭ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനുള്ള മറുപടിയായാണ് സഊദിക്കെതിരെ കൂടുതല്‍ ആക്രമണവുമായി ഇറാന്‍ പ്രസിഡന്റ് രംഗത്തിയത്. വര്‍ഷങ്ങള്‍ ഏറെയായി സഊദിയുടെ നിലപാടുകളെ വിമര്‍ശിക്കുന്ന ഇറാന്‍ മേഖലയിലെ ഏറ്റവും വലിയ തീവ്രവാദ രാജ്യമായാണ് അറബ് ലോകവും പാശ്ചാത്യ രാജ്യങ്ങളും കണക്കാക്കുന്നത്.
യമന്‍, ഇറാഖ്, സിറിയ, തുടങ്ങി മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കറുത്ത കരങ്ങളാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിരുന്നു. സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന്‍ തയാറാകാത്തതു മൂലം ആയിരക്കണക്കിന് ഇറാന്‍ തീര്‍ത്ഥാടകക്ക് ഈ വര്‍ഷം ഹജ്ജിനെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിവിധരാജ്യങ്ങള്‍ മുഖേന നൂറിലധികം ഇറാന്‍ ഹാജിമാര്‍ ഈ വര്‍ഷം ഹജ്ജിനെത്തിയിട്ടുണ്ട്.
ഹജ്ജ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇറാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മേഖലയെ വീണ്ടും അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനുള്ള ശ്രമമായാണ് നയതന്ത്ര വിദഗ്ധര്‍ കാണുന്നത്.
ജിസിസി അപലപിച്ചു
റിയാദ് : കഴിഞ്ഞ ദിവസം സഊദി അറേബ്യക്കെതിരെ ഇറാന്‍ സുപ്രീം ലീഡര്‍ അല്‍ ഘാംനഈ നടത്തിയ പ്രസ്താവനക്കെതിരെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. തെറ്റായ രീതിയില്‍ പ്രസ്താവനകള്‍ നടത്തി സഊദിയെ അപമാനിക്കാനാണ് ഇറാന്‍ ശ്രമമെന്ന് ജി സി സി വ്യക്തമാക്കി. ഇത് പോലെയുള്ള നീചമായ പ്രസ്താവനകള്‍ ഇസ്‌ലാമിക രാജ്യത്തെ നേതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടിലാത്തതാണെന്നും ജിസിസി അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിന്റെ പ്രധാന കര്‍മ്മമായ ഹജ്ജ് തുടങ്ങാനിരിക്കെ ഹജ്ജിനെ രാഷ്ട്രീയ ലക്ഷ്യത്തിനു ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം മ്ലേച്ഛമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ഡോ : അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
തീര്‍ഥാടകര്‍ക്കു ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതില്‍ സഊദി ചെയ്യുന്ന കാര്യങ്ങള്‍ മുസ്‌ലിം ലോകം മനസ്സിലാക്കിയാണ്. ഇറാന്‍ നടത്തുന്ന ഇത്തരം നീചമായ പ്രസ്താവനകള്‍ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ജി സി സി സെക്രട്ടറി ജനറല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."