മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നത് വെല്ലുവിളി: സുന്നീ നേതാക്കള്‍
കോഴിക്കോട്: മതേതരത്വത്തിന്റെ വാഹകരാകാന്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവകരവും തീര്‍ത്തും അപലപനീയവുമാണെന്ന് സുന്നീ നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മുഴുവന്‍ മത വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസ, ആചാര,അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതര മതവിഭാഗങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും ഒരുമിച്ച് ജീവിച്ചുപോന്ന ചരിത്രമാണ് ഇസ്ലാമിന്റേത്. അതേസമയം മറ്റൊരു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാന്‍ ഇസ്ലാം അനുമതി നല്‍കുന്നില്ല.
ഒരു പൊതു ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച മുന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോള്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതികരിച്ചയാളാണ് മുന്‍ മന്ത്രി എം.കെ മുനീര്‍.
പിന്നീട് സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും അത്തരം ചടങ്ങുകളില്‍നിന്ന് നേതാക്കള്‍ വിട്ടുനിന്നതുമാണ്. മതത്തെയും മതേതര സങ്കല്പത്തെയും ചോദ്യം ചെയ്യുന്നവിധം ശിവസേനയുടെ ഗണേശോത്സവത്തിലും വിഗ്രഹ പ്രതിഷ്ഠാ പരിപാടിയിലും പങ്ക് ചേര്‍ന്നുകൊണ്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് ധിക്കാരവും മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയുമാണ്. ശിവസേന പോലുള്ള വര്‍ഗീയ ശക്തികള്‍ക്ക് പൊതുസമ്മതി നേടിക്കൊടുക്കുന്നതിനു വേണ്ടിയുള്ള ഇത്തരം നീക്കങ്ങള്‍ മുസ്ലിം സമുദായവും മതേതര വിശ്വാസികളും വെച്ചു പൊറുപ്പിക്കില്ലെന്ന് സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."