മാണിയും ബാബുവും വീണ്ടും കുരുക്കിലേക്ക്; സ്വത്തുവിവരം ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് വിജിലന്‍സ് വീണ്ടും കത്തയച്ചു
തിരുവനന്തപുരം: കെ.എം മാണിയുടെയും കെ ബാബുവിന്റെയും സ്വത്ത് വിവരവും, ഇതുവരെ അവര്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണുകളും ആവശ്യപ്പെട്ട് വിജിലന്‍സ് വീണ്ടും ആദായ നികുതി വകുപ്പിന് കത്തയച്ചു.
ഇവര്‍ക്കെതിരേ ചുമത്തിയ എഫ്.ഐ.ആറിന്റെ കോപ്പി സഹിതമാണ് കത്തയച്ചത്. നേരത്തെ രാഷട്രീയക്കാരുടെ സ്വത്തു സംബന്ധിച്ച് വിവരം കൈമാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ പേരില്ലാതെ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടാണ് ആദായ നികുതി വകുപ്പ് സ്വീകരിച്ചിരുന്നത്. ഏതെങ്കിലും വ്യക്തിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെങ്കില്‍ ആ വ്യക്തിയുടെ പേരില്‍ ഏതെങ്കിലും കേസുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. ആരുടെയെല്ലാം വിവരങ്ങളാണു നല്‍കേണ്ടതെന്നു കൃത്യമായി വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കാമെന്നും കഴിഞ്ഞ കത്തിനു മറുപടിയായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ആദായ നികുതി വകുപ്പിന് വീണ്ടും കത്തു നല്‍കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. കൂടാതെ സംശയ നിഴലിലുള്ള രാഷ്ട്രീയക്കാരുടെ പട്ടിക ഉടന്‍ കൈമാറുമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, എന്തു വിവരവും കൈമാറാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിജിലന്‍സ് ഡയറക്ടറെ അറിയിച്ചു. അതിനിടെ ഇന്ത്യയ്ക്ക് പുറത്ത് നിക്ഷേപമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പട്ടിക തയാറാക്കി വിജിലന്‍സ് സി.ബി.ഐയ്ക്ക് ഉടന്‍ കൈമാറും.
അസോസിയേഷന്‍ നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. നേരത്തെ തെളിവുകള്‍ നല്‍കാതെയും ചോദ്യം ചെയ്യാന്‍ ഹാജരാകാതെ മാറി നിന്നവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കും.
ഓണ അവധി കഴിഞ്ഞുള്ള ആഴ്ചയിലായിരിക്കും ഇവര്‍ക്ക് നോട്ടിസ് അയക്കുക. ബാര്‍ ഉടമകളുടെ യോഗത്തിലെ വിശദാംശങ്ങള്‍ അറിയാനാണ് അസോസിയേഷന്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയിരുന്നില്ല.
വീണ്ടും ഈ നിലപാട് സ്വീകരിച്ചാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."