സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ
റിയാദ്: സഊദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ ഫൗസാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് നിയമനം. സഊദിയിലെ മുതിർന്ന പണ്ഡിത കൗൺസിൽ ചെയർമാനായും, പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള ജനറൽ പ്രസിഡൻസി ജനറൽ പ്രസിഡന്റായും മന്ത്രി പദവിയോടെയാണ് നിമയമം.
സഊദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്‌വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.
1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള സ്ഥിരം സമിതി അംഗമായി പ്രവർത്തിക്കുന്ന സാലിഹ് ബിൻ ഫൗസാൻ രാജ്യത്തെ അറിയപ്പെട്ട പണ്ഡിതൻ കൂടിയാണ്.
മുസ്‌ലിം വേൾഡ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മക്കയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അൽ മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് പള്ളിയിലെ ഇമാം, പ്രഭാഷകൻ, അധ്യാപകൻ, ഹജ് വേളയിൽ പ്രഭാഷകർക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗം, സഊദി സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസർ എന്നീ നിലകളിൽ പ്രസിദ്ധനാണ്.
രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ ഫൗസാനെ നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവിനെ ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് അഭിനന്ദിച്ചു.
ഈ സുപ്രധാന സ്ഥാനത്തേക്ക് അറിവും, സദ്‌ഗുണവും, ഭക്തിയും ഉള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ജ്ഞാനപൂർവമായ നേതൃത്വത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു വിജയകരമായ തീരുമാനമാണിതെന്നും മികച്ച മുൻഗാമിയുടെ ഏറ്റവും മികച്ച പിൻഗാമിയാണ് ശ്രേഷ്ഠൻ ശൈഖ് സാലിഹ് അൽ ഫൗസാൻ എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."