ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റാന്നി കോടതി മുരാരി ബാബുവിനെ റിമാൻഡിൽ വിട്ടത്. അന്വേഷണ സംഘം കോടതിയിൽ മുരാരിബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. മുരാരി ബാബുവിനെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലേക്ക് മാറ്റും.
നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ കൂടിയായ മുരാരി ബാബു. ഇയാളുടെ അറസ്റ്റോടെ സ്വർണ്ണക്കവർച്ച കേസിലെ നടപടികൾ കൂടുതൽ ഉന്നതരിലേക്ക് നീളുകയാണ്. വിവാദ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. പോറ്റിക്ക് സ്വർണ്ണം കടത്താൻ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു.
മുരാരി ബാബുവിന്റെ പ്രവർത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവമെന്നും റിപ്പോർട്ടിൽ പറഞ്ഞു. സ്വർണകൊള്ളയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.
സ്വർണ്ണക്കൊള്ളക്ക് വഴിതെളിച്ച നിർണ്ണായക ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിൻസിൻ്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു കേസിലെ രണ്ടാം പ്രതിയാണ്. ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."