സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. 1825 പോയിന്റുമായാണ് തിരുവനന്തപുരം ഓവറോൾ കിരീടം കൈപിടിയിലാക്കിയത്. 892 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനം നേടിയപ്പോൾ 859 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അത്‌ലറ്റിക്സിൽ മലപ്പുറമാണ് കിരീടം നിലനിർത്തിയത്. ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരങ്ങൾ അവസാനം 4×100 മീറ്റർ റിലേയിൽ നടത്തിയ ആധിപത്യത്തിലൂടെയാണ് മലപ്പുറം ജേതാക്കളായത്. റിലേയിൽ ഒരു മീറ്റർ റെക്കോർഡ് അടക്കം മൂന്ന് സ്വർണമാണ് മലപ്പുറം സ്വന്തമാക്കിയത്. 247 പോയിന്റാണ് മലപ്പുറം കൈവരിച്ചത്.
സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിലെ ഐഡിയൽ കടകശ്ശേരിയാണ് ചാമ്പ്യൻമാരായത്. 78 പോയിന്റാണ് ഐഡിയൽ കടകശ്ശേരി സ്കൂൾ നേടിയത്. 58 പോയിന്റുമായി വിഎംഎച്ച്എസ് വടവന്നൂർ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായിരുന്ന നവാമുകുന്ദാ തിരുനാവായ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ ജീവി രാധയാണ്. 57 പോയിന്റുമായാണ് ഇവർ ചാമ്പ്യൻമാരായത്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതിന് പിന്നാലെ പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണവും സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ റിലേയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി ഉയരുകയും ചെയ്തു. അടുത്ത കായികമേള കണ്ണൂരിൽ വെച്ചാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."