'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധതട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളനം ചേര്‍ന്നിരിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ വസ്തുത ഇല്ല. പ്രതിപക്ഷം ഭയക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. സ്വന്തം ശീലം കൊണ്ട് പറയുന്നതാണ്. പറഞ്ഞത് എന്തോ അത് നടപ്പാക്കും അതാണ് ഇടത് സര്‍ക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ പാര്‍ലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. ചരിത്രം ഇവരെ കുറ്റക്കാരന്‍ എന്ന് വിധിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."