കണ്ണൂര്‍ ഇനി ഹൈടെക് നഗരം
കണ്ണൂര്‍: അത്യാധുനിക സംവിധാനങ്ങളോടെ നിരീക്ഷണ കാമറകളും സിഗ്നല്‍ സംവിധാനങ്ങളുമായി കണ്ണൂര്‍ നഗരം ഹൈടെക്കാവുന്നു. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സിഗ്നല്‍ സംവിധാനം 12ന് മന്ത്രി ഇ.പി ജയരാജനും നിര്‍വഹിക്കും. വര്‍ഷങ്ങളായി തകരാറിലായ കാല്‍ടെക്‌സ്, താണ സിഗ്നലുകളാണ് ഡിജിറ്റല്‍ ട്രാഫിക് സിഗ്നലുകളായി പുന:സ്ഥാ പിക്കുന്നത്. കെല്‍ട്രോണിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ കാല്‍ടെക്‌സില്‍ സ്ഥാപിച്ച സിഗ്നലുകള്‍ റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റിയിരുന്നു. പിന്നീട് സിഗ്നല്‍ പുന:സ്ഥാപിച്ചെങ്കിലും അശാസ്ത്രീയമെന്നു കാണിച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. സിഗ്നല്‍ സംവിധാനം നിലച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പുതിയ സിഗ്നലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ പഴയ ലൈറ്റുകള്‍ മാറ്റിയിരുന്നു. നാലുഭാഗത്തും ഇന്റര്‍ലോക് പാകിയ ഡിവൈഡറുകളിലായാണ് ഡിജിറ്റല്‍ സിഗ്നല്‍ എത്തുന്നത്. ഘട്ടംഘട്ടമായാണ് നിരീക്ഷണ കാമറകള്‍ നഗരത്തില്‍ സ്ഥാപിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ 42 കാമറകളാണ് സ്ഥാപിച്ചത്. ഇവ പയ്യാമ്പലത്തെ പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സതേണ്‍ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം എന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. ഒന്നേകാല്‍ കോടി രൂപയാണ് ചെലവ്. കാമറയുടെ അനുബന്ധ അറ്റകുറ്റപ്പണിയും കമ്പനി തന്നെ ചെയ്യണമെന്നാണ് വ്യവസ്ഥ. കണ്ണൂര്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. കാമറയ്ക്കായി സ്ഥാപിച്ച തൂണുകളില്‍ പരസ്യം നല്‍കിയായിരിക്കും അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്തുക. ഇന്നു രാവിലെ കണ്‍ട്രോള്‍ റൂം പരിസരത്തു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷയാവും. കലക്ടര്‍ മിര്‍ മുഹമ്മദലി, ഐ.ജി ദിനേന്ദ്ര കശ്യപ്, ജില്ലാ പൊലിസ് മേധാവി കോറി സഞ്ജയ് കുമാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."