പടന്നപ്പാലം സി.എച്ച് സെന്ററിലെ രോഗികളെ മാറ്റി
കണ്ണൂര്‍: പടന്നപ്പാലം സി.എച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജീവകാരുണ്യ സംഘടനയായ എളയാവൂര് സി.എച്ച് സെന്റര്‍ ഏറ്റെടുത്തു. മാരക രോഗങ്ങള്‍ പിടിപെട്ട് ആരോരുമില്ലാത്ത രോഗികളെയാണ് സി.എച്ച് സെന്റര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പടന്നപ്പാലത്തെ സി.എച്ച് ആശുപത്രിയില്‍ മതിയായ സൗകര്യമില്ലാത്തതിലാണ് ഇവരെ മാറ്റിയത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി അന്‍സാരി തില്ലങ്കേരി, ടി.പി അബ്ബാസ് ഹാജി, കോഴിക്കോട് സി.എച്ച് സെന്റര്‍ ഭാരവാഹികളായ ഇബ്രാഹിം എളേറ്റില്‍, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, എളയാവൂര് സി.എച്ച് സെന്റര്‍ ഭാരവാഹികളായ പി.കെ ഇസ്മത്ത്, സി.എച്ച് അഷ്റഫ്, കെ.എം ഷംസുദ്ദീന് പങ്കെടുത്തു. ഇന്നലെയാണ് രോഗികളെ എളയാവൂര് സി.എച്ച് സെന്ററിന്റെ കീഴില്‍ വാരത്ത് പ്രവര്‍ത്തിക്കുന്ന 'പാലിയേറ്റീവ് ഇന്‍' എന്ന സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ചികിത്സ ആവശ്യമായി വന്ന മൂന്ന് രോഗികളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. രോഗികളുടെ ഉത്തരവാദിത്വം ഇനി എളയാവൂര് സി.എച്ച് സെന്ററിനായിരിക്കും.
ആശുപത്രിയില്‍ നിന്നു രോഗികള മാറ്റാന്‍ ടി.പി അബ്ബാസ് ഹാജി, സി.എച്ച് അഷ്റഫ്, കെ.എം ഷംസുദ്ദീന്, എന്‍.കെ മഹമൂദ്, ഉമറുല്‍ ഫാറൂഖ്, എന്‍.പി കുഞ്ഞിമുഹമ്മദ്, റഫീഖ് അലവില്‍, എന്‍.പി ഷബീര്‍, സാദിഖ് കക്കാട്, ഹാരിസ് മൂന്നാടത്ത് നേതൃത്വം നല്കി. പുതിയ സംവിധാനം വരുന്നതു വരെ പടന്നപ്പാലം സി.എച്ച് സെന്റര്‍ തല്ക്കാലം അടച്ചിടാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."