ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു
വാഷിങ്ടൺ: ഡിഎൻഎയുടെ വിപ്ലവകരമായ ഘടന കണ്ടുപിടിച്ചതിലൂടെ ആധുനിക ജീനോം ശാസ്ത്രത്തിന് അടിത്തറ പാകിയ അമേരിക്കൻ ശാസ്ത്രജ്ഞനും 1962-ലെ നൊബൽ വൈദ്യശാസ്ത്ര സമ്മാന ജേതാവുമായ ജയിംസ് ഡെവി വാട്‌സൺ (97) അന്തരിച്ചു. 1953-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനൊപ്പം ഡിഎൻഎയുടെ ഇരട്ടഹെലിക്സ് (ഡബിൾ ഹെലിക്സ്) ഘടന കണ്ടുപിടിച്ചത് ലോകശാസ്ത്രത്തെ പൂർണമായി മാറ്റിമറിച്ചു. ഇതിന്റെ അംഗീകാരമായി 1962-ൽ ക്രിക്കിനും X-റേ ഡിഫ്രാക്ഷൻ പഠനങ്ങളിലൂടെ സഹായിച്ച മൗറിസ് വിൽക്കിൻസിനുമൊപ്പം വാട്‌സന് നൊബേൽ സമ്മാനം ലഭിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായി ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കാറുണ്ട്. ജനിതക പരിശോധനകൾ മുതൽ ജീൻ എഡിറ്റിങ് (CRISPR പോലുള്ളവ), മനുഷ്യ ജനോം പ്രോജക്ട് വരെ നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് ഇത് വഴിത്തെളിച്ചു. 1928 ഏപ്രിൽ 6-ന് ഷിക്കാഗോയിൽ ജനിച്ച വാട്‌സൺ, 15-ാം വയസ്സിൽ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ ചേർന്നു. 1947-ൽ സുവോളജി ബിരുദം നേടി, 22-ാം വയസ്സിൽ ഇൻഡിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെൻഡിഷ് ലാബോറട്ടറിയിലായിരുന്നു ഡിഎൻഎ ഗവേഷണത്തിന്റെ പ്രധാന കേന്ദ്രം, അവിടെ ക്രിക്കുമായുള്ള സഹകരണം ചരിത്രം രചിച്ചു.
മോളിക്യുലാർ ബയോളജിയിലെ പയനീറായ വാട്‌സൺ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ 1956 മുതൽ 1976 വരെ പ്രൊഫസറായിരുന്നു. 1968 മുതൽ കോൾഡ് സ്പ്രിങ് ഹാർബർ ലാബോറട്ടറി (CSHL) യുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു, പിന്നീട് പ്രസിഡന്റും ചാൻസലറുമായി. എന്നാൽ, സമീപകാലത്ത് വംശവിവേചനപരവും ലിംഗവിവേചനപരവുമായ അഭിപ്രായങ്ങൾ കാരണം അദ്ദേഹം വ്യാപക വിമർശനങ്ങൾ നേരിട്ടു. 2007-ൽ ആഫ്രിക്കൻ വംശക്കാരുടെ ബുദ്ധിശേഷി ജീനുകളാൽ തീരുമാനിക്കപ്പെടുന്നുവെന്ന പ്രസ്താവന CSHL-ൽ നിന്നുള്ള രാജിയിലേക്ക് നയിച്ചു. സ്ത്രീകളെക്കുറിച്ചുള്ള ലിംഗവിവേചനപരമായ പ്രതികരണങ്ങളും 2019-ലെ ഒരു ഡോക്യുമെന്ററിയിലെ കമന്റുകളും അദ്ദേഹത്തിന്റെ ഓണററി ടൈറ്റിലുകൾ പിൻവലിക്കാൻ കാരണമായി.
നവംബർ 6-ന് ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്‌പോർട്ടിലെ ഹോസ്പിസ് കെയറിൽ ചെറിയ അണുബാധയെ തുടർന്നാണ് വാട്‌സന്റെ വിയോഗം. അദ്ദേഹത്തിന്റെ പാരമ്പര്യം, വിവാദങ്ങളിലൂടെയും, ജീവശാസ്ത്രത്തെ പുനർനിർമിച്ച ശാസ്ത്രീയ സംഭാവനകളിലൂടെയും ഓർമിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."