'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ
ആലപ്പുഴ: മുംബൈ പൊലിസായി ആൾമാറാട്ടം നടത്തി ഭീഷണിപ്പെടുത്തി ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽ നിന്ന് വൻ തുക തട്ടിയെടുത്ത കേസിൽ പ്രതികളിലൊരാൾ പിടിയിൽ. 'ഡിജിറ്റൽ അറസ്റ്റ്' എന്ന പുതിയ തട്ടിപ്പ് രീതി ഉപയോഗിച്ച് 20,50,800 രൂപ കവർന്ന കേസിലാണ് കർണാടക മൈസൂർ സ്വദേശിനിയായ ചന്ദ്രിക (21) ആലപ്പുഴ സൈബർ ക്രൈം പൊലിസിന്റെ പിടിയിലായത്.
ഭീഷണിപ്പെടുത്തിയത് ഇങ്ങനെ:
നേഹ ശർമ്മ എന്ന പേരിൽ വാട്സ്ആപ്പ് കോൾ വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെട്ടത്.പരാതിക്കാരന്റെ പേരിൽ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആരംഭിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും, അതിന് പ്രതിഫലമായി യുവാവ് 25 ലക്ഷം രൂപ കൈപ്പറ്റിയതിന് മുംബൈ പൊലിസിന്റെ പക്കൽ തെളിവുകളുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.തുടർന്ന്, പരാതിക്കാരനെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി.ഇതിന് തെളിവായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും എടിഎം കാർഡിന്റെ ഫോട്ടോയും സോഷ്യൽ മീഡിയ വഴി അയച്ചുനൽകി വിശ്വാസം നേടിയെടുത്തു.
"നിങ്ങൾ ഞങ്ങളുടെ കസ്റ്റഡിയിലാണ്. മറ്റ് അക്കൗണ്ടുകളിൽ പണമുണ്ടെങ്കിൽ ഉടൻ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റുക. പരിശോധനയ്ക്ക് ശേഷം തിരികെ നൽകാം" എന്ന് അറിയിച്ചതോടെ പരിഭ്രാന്തനായ ചെങ്ങന്നൂർ സ്വദേശി ഒട്ടും ആലോചിക്കാതെ 20,50,800 രൂപ അവർ നൽകിയ രണ്ട് അക്കൗണ്ടുകളിലേക്ക് അയച്ചു.
അന്വേഷണം, അറസ്റ്റ്, മറ്റ് കേസുകൾ:
പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിൽപ്പെട്ടതായി ഇദ്ദേഹത്തിന് മനസ്സിലായത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പരാതിക്കാരന് നഷ്ടമായ പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് അറസ്റ്റിലായ ചന്ദ്രിക. നഷ്ടപ്പെട്ട തുകയിൽ 11.5 ലക്ഷം രൂപ പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.
മൈസൂരുവിലെ അശോകപുരത്തുള്ള പ്രതിയുടെ വാസസ്ഥലത്ത് നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലിസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ. സജി ജോസ്, സി.പി.ഒ. ഷിബു എസ് എന്നിവർ മൈസൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ പ്രതികൾക്കായി വലവിരിച്ച് പൊലിസ്
ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വെസ്റ്റ് ബംഗാൾ സ്വദേശിയായ സുരോജിത് ഹൽദർ എന്നയാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ചും, പണം അയച്ചുവാങ്ങിയ മറ്റൊരു പ്രതിയെക്കുറിച്ച് ആന്ധ്രാപ്രദേശിലും അന്വേഷണം തുടരുകയാണ്.അറസ്റ്റിലായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് മഹാരാഷ്ട്രയിൽ മറ്റ് നാല് തട്ടിപ്പ് പരാതികൾ നിലവിലുണ്ട്.
ആലപ്പുഴ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എം.എസ്. സന്തോഷിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ്ജ്, എസ്.ഐ. ശരത് ചന്ദ്രൻ വി.എസ്., സി.പി.ഒ.മാരായ റികാസ് കെ, വിദ്യ ഒ.കെ., ആരതി കെ.യു. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിന് ശേഷം മൈസൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റോടെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണൻ എൻ. മുമ്പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."