കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം
ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ 30 ദിവസത്തേക്ക് തടവില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വിവാദ ഭരണഘടന (130ാം ഭേദഗതി) ബില്ല് അവലോകനം ചെയ്യുന്നതിനായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചു. ബി.ജെ.പി നേതാവ് അപരാജിത സാരംഗി അധ്യക്ഷയായ സമിതിയില്‍ 31 അംഗങ്ങളില്‍ നാലു പേര്‍ മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. 21 പേരും ബി.ജെ.പി എം.പിമാരും എട്ടുപേര്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളുമാണ്.
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവ് സുപ്രിയ സുലെ, അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, നിരഞ്ജന്‍ റെഡ്ഡി (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് കമ്മിറ്റിയിലുള്ളത്. എന്‍.ഡി.എയിലെ മിക്കവാറും എല്ലാ ഘടകകക്ഷികള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സുധാ മൂര്‍ത്തിയും പാനലില്‍ അംഗമാണ്. രവിശങ്കര്‍ പ്രസാദ്, ഭര്‍ത്രുഹരി മഹ്താബ്, പ്രദന്‍ ബറുവ, ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിഷ്ണു ദയാല്‍ റാം, ഡി.കെ അരുണ, പര്‍ഷോത്തമഭായ് രൂപാല, അനുരാഗ് താക്കൂര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ബി.ജെ.പിയുടെ രാജ്യസഭാ അംഗങ്ങളായ ബ്രിജ് ലാല്‍, ഉജ്ജ്വല്‍ നികം, നബാം റെബിയ, നീരജ് ശേഖര്‍, മനന്‍ കുമാര്‍ മിശ്ര, കെ. ലക്ഷ്മണ്‍ എന്നിവരും പാനലിലുണ്ട്.
ലാവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ദേവേഷ് ചന്ദ്ര താക്കൂര്‍ (ജെ.ഡി.യു), ധൈര്യഷീല്‍ മാനെ (ശിവ്‌സേന ഷിന്‍ഡേ), ബാലശൗരി വല്ലഭനേനി (ജെ.എസ്.പി), ഇന്ദ്ര ഹാംഗ് സുബ്ബ (എസ്.കെ.എം), സുനില്‍ തട്കരെ (അജിത് പവാര്‍ പക്ഷ എന്‍.സി.പി), എം. മല്ലേഷ് ബാബു (ജെ.ഡി.എസ്), ജയന്ത ബാസുമതാരി (യു.പി.പി.എല്‍), രാജേഷ് വര്‍മ്മ (എല്‍.ജെ.എസ്.പി.ആര്‍.വി), ബിരേന്ദ്ര പ്രസാദ് ബൈശ്യ (എ.ജി.പി), സി.വി ഷണ്‍മുഖം (അണ്ണാ ഡി.എം.കെ) എന്നിവരും അംഗങ്ങളാണ്.
ജെ.പി.സി യഥാര്‍ത്ഥ പാര്‍ലമെന്ററി സമിതിയല്ലെന്നും മറിച്ച് 'ബി.ജെ.പിയുടെ ബിടീമം' ആണെന്നും കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ആരോപിച്ചു. ഇന്‍ഡ്യാ മുന്നണി ജെ.പി.സി ബഹിഷ്‌കരിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കില്‍ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിലെ മറ്റേതെങ്കിലും മന്ത്രിയെ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണങ്ങള്‍ക്കിടെ കൊണ്ടുവന്ന ബില്ല് നേരത്തെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."