ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്; അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി
ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ കേസില്‍ വിധി ഇന്ന്. 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചുമത്തിയ കേസ് ധാക്കയിലെ പ്രത്യേക ട്രൈബ്യുണലാണ് പരിഗണിക്കുന്നത്. വിധിക്ക് മുന്നോടിയായി ധാക്കയിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം അതി തീവ്ര ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അനുയായികള്‍ക്ക് മുന്‍ പ്രധാനമന്ത്രിയുടെ സന്ദേശം
വിധി വരുന്നതിന് മുന്‍പായി തന്റെ അനുയായികള്‍ക്കായി അവര്‍ സന്ദേശം പുറത്തു വിട്ടിട്ടുണ്ട്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും വ്യാജമാണെന്ന് ശൈഖ് ഹസീന ചൂണ്ടിക്കാട്ടി. നൊബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും അവര്‍ ആരോപിച്ചു.
''അവാമി ലീഗ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. അത്‌കൊണ്ട് അവാമി ലീഗിനെ നിരോധിച്ചതായി അവര്‍ പ്രഖ്യാപിച്ചു. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അവര്‍ ആഗ്രഹിക്കുന്നില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തി ഈ പാര്‍ട്ടിയെ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അതത്ര എളുപ്പമല്ല. ഈ പാര്‍ട്ടി മണ്ണിലും ജനങ്ങളുടെ ഹൃദയത്തിലും ആഴത്തില്‍ വേരോടിയതാണ്. അല്ലാതെ അധികാരം തട്ടിപ്പറിച്ചെടുത്തവരുടെ പോക്കറ്റില്‍ വളര്‍ന്നതല്ല''-ഹസീന വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ രാജ്യത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ചും അവര്‍ സന്ദേശത്തില്‍ വിശദീകരിക്കുന്നു. വിദ്യാര്‍ഥി പ്രക്ഷോഭകരുടെ എല്ലാ ആവശ്യങ്ങളും തങ്ങള്‍ അംഗീകരിച്ചിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 15നും ആഗസ്റ്റ് 15നും ഇടയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഹസീനയുടെ സര്‍ക്കാര്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവ ചുമത്തിയതിനാല്‍ ഹസീനക്ക് വധശിക്ഷ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്.
ഹസീനക്ക് പുറമേ അവാമി ലീഗ് സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന്‍ കമാല്‍, പൊലിസ് മേധാവി ചൗധരി അബ്ദുല്ല അല്‍മഅ്മൂന്‍ എന്നിവരും കേസില്‍ കൂട്ടുപ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."