ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി
കൊല്ലം: അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ അയത്തിൽ സ്വദേശി ഗ്ലാഡ് വിൻ ആണ് മന്ത്രിയുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.
കൊല്ലത്ത് എൽഡിഎഫ് യോഗം പൂർത്തിയാക്കി രാത്രി പത്ത് മണിയോടെ കൊട്ടാരക്കരയിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി. ഈ സമയത്താണ് കടപ്പാക്കട ഓവർ ബ്രിഡ്ജിൽ അപകടത്തിൽപ്പെട്ട യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒട്ടും വൈകാതെ മന്ത്രി കെ.എൻ. ബാലഗോപാൽ തൻ്റെ വാഹനം നിർത്തി പുറത്തിറങ്ങി. ഉടൻ തന്നെ പൊലിസിലെ കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു. പൊലിസ് സംഘം സ്ഥലത്തെത്തിയതിന് പിന്നാലെ, യുവാവിനെ ആശുപതിയിൽ എത്തിക്കുന്നതിനായി പൊലിസ് സംഘത്തിനൊപ്പം വിടുകയായിരുന്നു.
ജിമ്മിൽ പോയി മടങ്ങിവരും വഴി ബൈക്കിൽ വെച്ച് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഗ്ലാഡ് വിൻ നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമയോചിതമായ മന്ത്രിയുടെ ഇടപെടലാണ് യുവാവിന് രക്ഷയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."